Latest NewsKeralaNews

ഗള്‍ഫില്‍ ബിസിനസ്‌ സാമ്രാജ്യം കെട്ടിപ്പടുത്ത അറ്റ്‌ലസ്‌ രാമചന്ദ്രന്റെ ഇന്നത്തെ സ്‌ഥിതി ദയനീയം

തൃശൂര്‍ : രണ്ടുവര്‍ഷം മുമ്പ്‌ ഗള്‍ഫിലെ മലയാളി ബിസിനസ്‌ അതികായകരുടെ പട്ടികയിലായിരുന്നു രാമചന്ദ്രന്റെ സ്‌ഥാനം. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി ദയനീയമാണ്. ഗള്‍ഫില്‍ ബിസിനസ്‌ സാമ്രാജ്യം കെട്ടിപ്പടുത്ത അറ്റ്‌ലസ്‌ രാമചന്ദ്രൻ ഇപ്പോൾ എല്ലുംതോലുമായ സ്‌ഥിതിയിലാണ്‌. കടുത്തപ്രമേഹവും രക്‌തസമ്മര്‍ദവും മറ്റ്‌ ശാരീരിക അവശതകളും മൂലം അദ്ദേഹം ക്ഷീണിച്ചു. വീല്‍ച്ചെയറിലാണ്‌ ജയിലില്‍നിന്ന്‌ ആശുപത്രിയിലേക്കു കൊണ്ടുവരുന്നത്. വെള്ളിയാഴ്‌ചകളില്‍ പ്രത്യേക അനുമതിയോടെ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കാൻ സാധിക്കും. ഈ അവസരത്തിൽ ചുരുക്കം മലയാളി സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങി നല്‍കും.

അദ്ദേഹത്തിന്റെ പതനത്തിന്‌ വഴിയൊരുക്കിയത്‌ ഗള്‍ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസാണ്‌. രാമചന്ദ്രന്‍ നടത്തിയ ഭൂമിയിടപാടുകളില്‍ താല്‍പ്പര്യമുണ്ടായിരുന്ന മലയാളിയായ മറ്റൊരു ബിസിനസ്‌ പ്രമുഖനുമായി തർക്കത്തിലായതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന്‌ അദ്ദേഹം വാങ്ങിയ വായ്‌പയുടെ ഗ്യാരണ്ടിയായി നല്‍കിയ ചെക്ക്‌ മടങ്ങിയതോടെ കേസ്‌ ദുബായ്‌ പോലീസിന്റെ മുമ്പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക്‌ മടങ്ങിയതായുള്ള രേഖകളുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ദുബായ്‌ പോലീസ്‌ 2015 ഓഗസ്‌റ്റ്‌ 23 ന്‌ ജയിലിലടയ്‌ക്കുകയായിരുന്നു.

രാമചന്ദ്രനെ പുറത്തിറക്കാന്‍ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടില്ല. ഭാര്യ വീടിന്റെ വാടക പോലും കൊടുക്കാന്‍ കഴിയാതെ ഏതു നിമിഷവും തെരുവിലേക്ക്‌ ഇറങ്ങേണ്ടിവരുമെന്ന ഭീതിയിലാണ്‌. മസ്‌കറ്റിലും മറ്റുള്ള ആശുപത്രികള്‍ കിട്ടുന്ന വിലയ്‌ക്കു വിറ്റ്‌ ബാങ്കുകളുടെ തവണ മുടക്കം തീര്‍ത്തു ജയിലിനു പുറത്തിറങ്ങാന്‍ രാമചന്ദ്രന്‍ നടത്തിയ നീക്കവും തകര്‍ന്നു.

ഒരു കേസില്‍ മാത്രമാണ്‌ ഇപ്പോൾ വിധിയായിട്ടുള്ളത്‌. ശിക്ഷ വിധിച്ചത് നാലുവര്‍ഷം തടവായിരുന്നു. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത്‌ 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന്‌ നിയമവിദഗ്‌ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button