മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലും ശ്രദ്ധകേന്ദ്രമാകുകയാണ് മോഹന്‍ലാലെന്ന നടന്‍. അന്യസംസ്ഥാന സിനിമാ പ്രേമികള്‍ ഒരു നടനെ ഇത്രത്തോളം ആവേശത്തോടെ സ്വീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് ആദ്യ സംഭവമാണ്. വിസ്മയവും, ജനതാഗാരേജും, പുലിമുരുകന്റെ തെലുങ്ക് പതിപ്പ് മന്യം പുലിയും പണംവാരി പടങ്ങളായതോടെ മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യം കുത്തനെ വര്‍ധിക്കുകയാണ് ടോളിവുഡ് സിനിമാലോകത്ത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രാധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്യ ഭാഷയിലും താരമായി മാറുന്ന മലയാളത്തിന്റെ സ്വന്തം തരരാജാവിന്റെ ചില അന്യഭാഷാ ചിത്രങ്ങളെക്കുറിച്ച് അറിയാം.
മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ തമിഴ് സിനിമാ രംഗത്തേയ്ക്ക് ചുവടുവച്ചു. 1997- ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ലോകസുന്ദരി ഐശ്വര്യ റായ് ആയിരുന്നു നായിക. എം.ജി.ആറിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിച്ചത്. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത്. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. 2009-ൽ വിഖ്യാത നടൻ കമലഹാസനോടൊപ്പം തമിഴിൽ, ഉന്നൈ പോൽ ഒരുവൻ എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രം ഹിന്ദിയിൽ അനുപം ഖേർ ആണ് അവതരിപ്പിച്ചത്. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയിൽ വിജയ്ക്ക് ഒപ്പം നായക തുല്യമായ വേഷത്തിൽ താരം അഭിനയിച്ചു. ഇത് വന്‍ വിജയമായി.
തമിഴില്‍ മാത്രമല്ല ബോളിവുഡിലും ഒരു കൈ നോക്കിയിട്ടുണ്ട് മോഹന്‍ലാല്‍. 2002-ൽ കമ്പനി എന്ന ഹിന്ദി ചിത്രത്തിൽ ലാല്‍ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ (IIFAA) നല്ല സഹ നടനുള്ള അവാർഡ് ലഭിച്ചു. രാം ഗോപാൽ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ രാം ഗോപാൽ വർമ്മാ കി ആഗിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും മോഹൻലാലാണ്. 2007-ൽ പുറത്തിറങ്ങിയ ഈ ചിത്രം സാമ്പത്തികമായും നിരൂപകരുടെ ഇടയിലും പരാജയമായിരുന്നു.
Post Your Comments