പാലക്കാട് : നിരവധി കടമ്പകളാണ് നികുതിവെട്ടിച്ചു വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനു ഉള്ളത്. കേരള പോലീസിനു താല്‍ക്കാലിക രജിസ്ട്രേഷനായി വ്യാജവിലാസം നല്‍കിയവര്‍ക്കെതിരെ മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ. അല്ലാതെ പോണ്ടിച്ചേരിയില്‍ വിലാസമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ല.
കേരളത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നും വിലക്കുറവില്‍ വാങ്ങിച്ച വാഹനങ്ങളും ഓടുന്നുണ്ട്. ഇവിടെ ഇതരസംസ്ഥാന വാഹനങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കിയാല്‍ അവിടെ ജോലിചെയ്യുന്ന മലയാളികളും ഇതേരീതിയില്‍ വേട്ടയാടപ്പെടുമെന്ന ആശങ്ക ബാക്കിയാണ്.
മോട്ടോര്‍വാഹന നിയമ പ്രകാരം വാഹനം 12 മാസക്കാലത്തിലധികം മാറിനിന്നാല്‍ പുതിയ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം. കര്‍ണാടക സര്‍ക്കാര്‍ ഇതില്‍ ഭേദഗതിവരുത്തി 30 ദിവസത്തില്‍ കൂടുതല്‍ അവിടെ ഓടുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി ഈടാക്കിയിരുന്നു. അന്നു നികുതിയും പിഴയും ചുമത്തിയത് ഐടി മേഖലയിലെ മലയാളികളുടെ വാഹനങ്ങളാണ്. ഭേദഗതി ഹൈക്കോടതി റദ്ദാക്കിയെങ്കിലും കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
എന്നാൽ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിലുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഉടമകളെ തിരിച്ചറിയാന്‍ കഴിയില്ലെന്ന വാദത്തില്‍ കഴമ്പില്ല. പാന്‍കാര്‍ഡിനു പുറമെ ആധാര്‍കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയിലേതെങ്കിലും പുതുച്ചേരി രജിസ്ട്രേഷന് നല്‍കുന്നുണ്ടെന്ന് ഉടമസ്ഥര്‍ പറയുന്നു. രണ്ടിടത്ത് വിലാസമുള്ളവര്‍ക്ക് വാഹനം ഏതെങ്കിലും ഒരു വിലാസത്തില്‍ നിര്‍ത്താന്‍ കഴിയണമെന്നാണ് മറ്റൊരു വാദം.
Post Your Comments