കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ 2018 ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടക്കുമെന്ന് കിയാല്‍ എം.ഡി. പി. ബാലകിരണ്‍ പറഞ്ഞു.
നിര്‍മാണപ്രവൃത്തികള്‍ ജനുവരി 31ന് പൂര്‍ത്തിയാകും. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ലഭിക്കാന്‍ കാലതാമസമുണ്ട്. ഇതാണ് സെപ്റ്റംബര്‍ വരെ കമ്മിഷനിങ് നീളാന്‍ കാരണം.
റഡാര്‍ സെറ്റിങ് ജനുവരി ആദ്യം പൂര്‍ണമാകും. 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇരുപത് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഏപ്രണില്‍ ഉണ്ടാകും. ഒരേ സമയം വിമാനത്താവളത്തില്‍ 700 കാറുകള്‍ക്കും 200 ടാക്സികള്‍ക്കും 25 ബസുകള്‍ക്കും പാര്‍ക്കിങ് സൗകര്യമുണ്ട്.
പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വലുപ്പം 95,000 ചതുരശ്രമീറ്റര്‍ ആണ്. കൂടാതെ 48 ചെക്കിങ് കൗണ്ടര്‍, 16 എമിഗ്രേഷന്‍ കൗണ്ടര്‍, 16 കസ്റ്റംസ് കൗണ്ടര്‍, 12 എസ്കലേറ്റര്‍, 15 എലിവേറ്റര്‍ എന്നിവയും ഉണ്ടാവും. ഇവയുടെ നിര്‍മാണജോലികള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് എട്ടാം സ്ഥാനമാണ് പാസഞ്ചര്‍ ടെര്‍മിനലിന്റെ വലുപ്പത്തില്‍. 2061 ഏക്കര്‍ സ്ഥലം ഇതുവരെ ഉപയോഗപ്പെടുത്തി.
4000 മീറ്റര്‍ റണ്‍വേക്കായി സ്ഥലം പൂര്‍ണമായി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങി. ഇനി 250 ഏക്കറോളം സ്ഥലം വേണ്ടിവരും. രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കും റണ്‍വേയുടെ വലുപ്പം നോക്കിയാല്‍ കണ്ണൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷയ്ക്കായി 64 സി.ഐ.എസ്.എഫുകാരെ നിയമിച്ചു. ഇനി വിമാനത്താവളത്തിന്റെ സുരക്ഷ ഇവരുടെ കൈയിലായിരിക്കും. കസ്റ്റംസില്‍ 78 പേരെ ലഭിക്കും.
Post Your Comments