ന്യൂയോർക്ക്: ചലച്ചിത്ര–ടെലിവിഷൻ വിനോദ മേഖലയിലെ ഭീമന്മാർ ഓൺലൈൻ സ്ട്രീമിങ് മാധ്യമങ്ങൾ ഉയർത്തുന്ന പുത്തൻ വെല്ലുവിളികളെ ഉൾപ്പെടെ നേരിടാൻ തയ്യാറെടുക്കുന്നു. വാൾട്ട് ഡിസ്നി കമ്പനി ലോകപ്രശസ്ത വിനോദ–മാധ്യമ സ്ഥാപനം ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സിന്റെ 5240 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങാൻ തീരുമാനിച്ചു. ഇതുവഴി ഇന്ത്യയിൽ ഉൾപ്പെടെ പ്രവർത്തനം ശക്തമാക്കാൻ ഡിസ്നിക്കു സാധിക്കും.
‘ലൈവ്’ വാർത്തകളും കായികമത്സരങ്ങളും തുറക്കുന്ന പുതിയ വാണിജ്യസാധ്യതകളിലേക്കായിരിക്കും മാധ്യമ ഭീമൻ റുപ്പർട് മർഡോക്കിനു കീഴിലുള്ള ഫോക്സ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. കേബിളിൽ നിന്നു മാറി മത്സരങ്ങളും വാർത്തകളുമെല്ലാം ഓൺലൈൻ സ്ട്രീമിങ്ങിലൂടെ ലഭ്യമാക്കാനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ നീക്കം ഫോക്സ് ബ്രോഡ്കാസ്റ്റ് നെറ്റ്വർക്ക്, ഫോക്സ് ന്യൂസ്–സ്പോർട്സ് ചാനലുകളിലൂടെയായിരിക്കും. ഇതുസംബന്ധിച്ച് മർഡോക് നിക്ഷേപകർക്കു നൽകിയിരിക്കുന്ന ഉറപ്പ് വിനോദ വിഭാഗം പോയതിനെത്തുടർന്ന് വലുപ്പം കുറഞ്ഞെങ്കിലും വരുമാനം കുതിച്ചു കയറുമെന്നാണ്. മർഡോക്ക് പിതാവിൽ നിന്ന് 65 വർഷം മുൻപ് ദിനപ്പത്ര നടത്തിപ്പ് ഏറ്റെടുത്ത ശേഷമാണ് മാധ്യമലോകം വെട്ടിപ്പിടിക്കാൻ തുടക്കമിടുന്നത്.
പുതിയ ഏറ്റെടുക്കലിലൂടെ പേരുകേട്ട ഫോക്സ് ഹോളിവുഡ് ഫിലിം ആൻഡ് ടിവി സ്റ്റുഡിയോകളും കേബിൾ എന്റർടെയ്ൻമെന്റ് നെറ്റ്വർക്കുകളും രാജ്യാന്തര ടിവി ബിസിനസുമെല്ലാം ഡിസ്നിയുടെ സ്വന്തമാകും. ഇനി ഡിസ്നിക്കാണ് എക്സ്–മെൻ, അവതാർ തുടങ്ങിയ സിനിമകളുടെയും എഫ്എക്സ് നെറ്റ്വർക്ക്, നാഷനൽ ജ്യോഗ്രഫിക് ചാനലുകളുടെയും ഉടമസ്ഥാവകാശം.
Post Your Comments