Latest NewsKerala

അമീർ ഉൽ ഇസ്ലാമിന് തൂക്ക് കയർ

കൊച്ചി ; പെരുമ്പാവൂർ ജിഷ വധ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന് വധ ശിക്ഷ വിധിച്ചു.  19 മാസങ്ങൾക്ക് ശേഷം എറണാകുളം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതിക്രൂരമായ കൊലപാതകമെന്ന് ശിക്ഷ വിധിക്കവേ കോടതി പറഞ്ഞു. അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മട്ടുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

പ്രതി അമീർ ഉൾ ഇസ്ലാമിന്റെ മേൽ ചാർത്തിയിട്ടുള്ള കൊലപാതകം,ബലാല്‍സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. അതേസമയം എസ് സി എസ് റ്റി ആക്റ്റ് നില നിൽക്കില്ലെന്ന് കോടതി വ്യകത്മാക്കിയിരുന്നു. പ്രതിക്കുനല്‍കേണ്ട ശിക്ഷ സംബന്ധിച്ച്‌ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ ഇന്നലെ പൂർത്തിയായിരുന്നു.

2016 ഏപ്രില്‍ 28 നു പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കനാല്‍പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡി.എന്‍.എ. വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു.

അടച്ചിട്ട കോടതിമുറിയില്‍ 74 ദിവസം പ്രോസിക്യൂഷന്‍ വാദം നടത്തി. തുടര്‍ന്ന് തുറന്നകോടതിയിലും വിചാരണ നടന്നു. പ്രതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി.എ. ആളൂരും പ്രോസിക്യൂഷനുവേണ്ടി എന്‍.കെ. ഉണിക്കൃഷ്ണനുമാണ് ഹാജരായത്. കേസില്‍ വ്യക്തമായ തെളിവുണ്ടെന്ന് സാക്ഷികളെക്കൊണ്ട് സ്ഥാപിക്കാനാണു പ്രോസിക്യൂഷന്‍ ശ്രമിച്ചത്. ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയായിരുന്നു ആളൂരിന്റെ വാദം.

293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രേസിക്യൂഷന്‍ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങള്‍, മുറിക്കുള്ളില്‍ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതി അമീറാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഓരാളെ പ്രതിയാക്കാനാവില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ജിഷയെ കൊല്ലാനുപയോഗിച്ച ആയുധം സംബന്ധിച്ചും ജിഷ മരിച്ച സമയത്തെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button