ഓക്‌ലാന്‍ഡ്•വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവധുവിന് ദാരുണാന്ത്യം. ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡിലാണ് സംഭവം. മെനിഞ്ചൈറ്റിസിലെ ബാക്ടീരിയ ബാധയെ തുടര്‍ന്നാണ് 26 കാരിയായ ജമിയേക്ക മക് കര്‍ത്തി ഹര്‍ഫോര്‍ഡ് മരിച്ചത്. ശനിയാഴ്ച വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഇവര്‍ അസുഖബാധിതയായി വീഴുകയായിരുന്നു.
ഓക്‌ലാന്‍ഡില്‍ നിന്ന് 20 മൈല്‍ അകലെയുള്ള ഗോള്‍ഫ് കോഴ്സിലൂടെ സന്തോഷവതിയായി നീങ്ങുന്ന വധുവിനെ വിവാഹ ഫോട്ടോകളില്‍ കാണാം.
ഭാര്യയുടെ പെട്ടെന്നുള്ള മരണം തന്നെ തകര്‍ത്തുകളഞ്ഞുവെന്ന് ഭര്‍ത്താവ് അലിസ്റ്റര്‍ പറഞ്ഞു.
ഇത്ര വേഗത്തിലുള്ള അവളുടെ വിയോഗം എല്ലാവര്‍ക്കും വലിയ ഞെട്ടലായി.ഇത് ഉള്‍ക്കൊള്ളാന്‍ വളരെയധികം പ്രയാസമാണ്- അദേഹം പറഞ്ഞു.
ഒരു സൂചന പോലുമില്ലാതെയാണ് ഭീതിജനകമായ മാരകരോഗം അവളെ കൊണ്ടുപോയതെന്നും അയാള്‍ പറഞ്ഞു.
വിവാഹ ദിനത്തില്‍ ജമിയേക്ക വളരെ സന്തോഷവതിയായിരുന്നുവെന്നും ലോകത്തിലെ ഏറ്റവും കരുണ്യവതിയായ വ്യക്തിയായിരുന്നു അവളെന്നും ജമിയേക്കയുടെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.
ജീവിതത്തെ വളരെയധികം സ്നേഹിച്ച അവള്‍ മറ്റുള്ളവരെ എപ്പോഴും മുന്നില്‍ നിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. സ്നേഹസമ്പന്നയായ ഭാര്യ,മകള്‍, സഹോദരി,അന്തിരവള്‍, കസിന്‍, സുഹൃത്ത് എന്നിവയൊക്കെയായിരുന്നു അവള്‍. അവളുടെ വിയോഗം ഒരു തീരാനഷ്ടമാണെന്നും അവര്‍ പറഞ്ഞു.
മരണം സ്ഥിരീകരിച്ച ഓക്‌ലാന്‍ഡ് റിജിയണല്‍ പബ്ലിക് ഹെല്‍ത്ത് സര്‍വീസ് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മെനിഞ്ചോകോക്കല്‍ രോഗത്തെത്തുടര്‍ന്നായിരിക്കാം മരണമെന്നാണ് പ്രാഥമിക നിഗമനം. രോഗം അടുത്ത ബന്ധുക്കളിലേക്ക് പകരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് മെനിഞ്ചോകോക്കല്‍ രോഗം. രോഗബാധിതരോടൊപ്പം വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരിലേക്കും ഈ രോഗം പകരാം.
Post Your Comments