Latest NewsNewsSports

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

ചണ്ഡീഗഢ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന പോരാട്ടം ഇന്ന് മൊഹാലിയില്‍ നടക്കും.ആദ്യ മത്സരത്തിലെ തോല്‍വിക്ക് ആശ്വാസമേകാന്‍ വലിയ ജയം തന്നെ ടീമിന് ഇന്നത്തെ കളിയില്‍ ആവശ്യമാണ്. ലങ്കന്‍ ടീമിനെ പരാജയപ്പെടുത്തുക എന്ന കാര്യം പുതിയ നായകന്‍ രോഹിത് ശര്‍മയ്ക്ക് മുന്നിലെ വെല്ലുവിളിയാണ്.  ധര്‍മശാലയിലെ ആദ്യ ഏകദിനത്തില്‍ മത്സരത്തില്‍ ഇന്ത്യ പാടെ തോറ്റുപോയിരുന്നു. ബാറ്റ്സ്മാന്‍മാരുടെ പരാജയമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിയുടെ പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യ 50 റണ്‍സില്‍ താഴെ ഒതുങ്ങിയേനെ.ഒരു ഘട്ടത്തില്‍ ഏഴിന് 29 എന്ന നിലയിലായിരുന്നു ഇന്ത്യ. ജയത്തോടെ 12 മത്സരങ്ങളിലെ തുടര്‍ തോല്‍വിയില്‍ നിന്ന് മുക്തമാകാനും ലങ്കന്‍ ടീമിന് സാധിച്ചു. രണ്ടാം ഏകദിനത്തിനിറങ്ങുമ്പോള്‍ ഇന്ത്യ തീര്‍ത്തും സമ്മര്‍ദത്തിലാണ്. ജയിച്ചില്ലെങ്കില്‍ പരമ്പര ഇന്ത്യക്ക് നഷ്ടമാകും. മുന്‍നിരയില്‍ നിന്നും മധ്യനിരയില്‍ നിന്നും മികച്ച പ്രകടനം ഉണ്ടായാല്‍ മാത്രമേ പൊരുതാവുന്ന സ്‌കോര്‍ നേടാന്‍ ഇന്ത്യക്കാവൂ.

നായകന്‍ രോഹിത് ശര്‍മ സ്ഥിരതയില്ലായ്മയെ മറികടന്ന് ഗംഭീര പ്രകടനം കാഴ്ച്ചവയ്ക്കേണ്ടത് ടീമിന് അത്യാവശ്യമാണ്. ശിഖര്‍ ധവാനും ഫോമിലേക്കുയര്‍ന്നാല്‍ മികച്ച തുടക്കം ഇന്ത്യക്ക് ലഭിക്കും. ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മികച്ച ഇന്നിങ്സ് കളിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം ലങ്ക തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. മുന്നേറ്റനിരയ്ക്ക് ആദ്യ മത്സരത്തില്‍ കാര്യമായ വെല്ലുവിളികളുണ്ടായിട്ടില്ല. ഉപുല്‍ തരംഗ ഇന്ത്യയുടെ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ എളുപ്പത്തില്‍ റണ്‍സ് കണ്ടെത്തിയിരുന്നു. ഗുണതിലക, തിരിമന്നെ, ധനഞ്ചയ ഡിസില്‍വ, കുശാല്‍ പെരേര, എയ്ഞ്ചലോ മാത്യൂസ് എന്നിവരും പ്രതീക്ഷയോടെയാണ് പരമ്പരയെ കാണുന്നത്.

ബൗളിങില്‍ നിലവില്‍ ഇന്ത്യയേക്കാള്‍ മികച്ചു നില്‍ക്കുന്നത് ലങ്കയാണ്. സുരംഗ ലക്മലിന്റെ തകര്‍പ്പന്‍ ഫോം ലങ്കയ്ക്ക് ഗുണകരമാണ്. മറുവശത്ത് ജസ്പ്രീത് ബുമ്റയ്ക്കും ഭുവനേശ്വര്‍ കുമാറിനും കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. പരുക്കേറ്റ കുല്‍ദീപ് യാദവിന് പകരം അക്ഷര്‍ പട്ടേലിനെ ടീമിലുള്‍പ്പെടുത്താനാണ് സാധ്യത. ബാറ്റിങില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം അജിന്‍ക്യ രഹാനെ ഇടംപിടിക്കാനാണ് സാധ്യത. മികച്ച ഫോം താരത്തിന് ഗുണകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button