Latest NewsEditorialSpecials

ഗ്ലോബല്‍ ടൈംസ്‌ ലേഖനങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ഇന്ത്യ ചൈനയ്ക്ക് വെല്ലുവിളി ആകുമോ?

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യ അഭിവൃദ്ധിയുടെ പാതയില്‍ എത്തുകയാണ്. ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ വളർച്ചയുടെ പാതയിൽ സഞ്ചരിക്കുന്നുവെന്നത് ഇന്ത്യയിലെ ഓരോ പൗരനും അഭിമാനം നൽകുന്ന കാര്യമാണ്. അത്തരം വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2012 നെ അപേക്ഷിച്ച്‌ ഇന്ത്യയുടെ അഭിവൃദ്ധിയില്‍ വര്‍ധനവുണ്ടായെന്ന് ലെഗാതം അഭിവൃദ്ധി സൂചികയിലെ കണക്കുകള്‍ പറയുന്നു. അയൽരാജ്യമായ ചൈനയുമായുള്ള അന്തരം ഇന്ത്യ കുറിച്ചിരിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ചൈനയുടെ അഭിവൃദ്ധിക്ക് സമീപമെത്തി എന്നാണ് കണക്കുകള്‍. 2016 മുതല്‍ ഇന്ത്യയുടെ അഭിവൃദ്ധി വര്‍ധിച്ചിട്ടുണ്ടെന്നും ചൈനയുമായുള്ള അന്തരം കുറയ്ക്കാന്‍ സാധിച്ചുവെന്നും ഇതില്‍ പറയുന്നു. ബ്രിക്സ് രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് റാങ്ക് ഉയര്‍ത്തിയിട്ടുള്ളത്.

ലണ്ടണ്‍ ആസ്ഥാനമായ ലെഗാതം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അഭിവൃദ്ധി സൂചിക തയ്യാറാക്കുന്നത്. വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, വ്യക്തി സ്വാതന്ത്ര്യം തുടങ്ങി ഒമ്ബതോളം സൂചകങ്ങള്‍ ഉപയോഗിച്ചാണ് ലെഗാതം അഭിവൃദ്ധി കണക്കാക്കുന്നത്. ലണ്ടണ്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ്, ടുഫ്സ് സര്‍വകലാശാല, ബ്രൂക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാലിഫോര്‍ണിയ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖരായ അധ്യാപകരാണ് അഭിവൃദ്ധി സൂചിക തയ്യാറാക്കുന്നത്. 2017 ലെ ലെഗാതം അഭിവൃദ്ധി സൂചികയില്‍ 149 രാജ്യങ്ങളാണ് ഉള്ളത്. ഇതില്‍ നൂറാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. 2016 ല്‍ 104 സ്ഥാനത്തായിരുന്നു സൂചികയില്‍ ഇന്ത്യ. നാലുപോയിന്റ് ഉയര്‍ന്ന് 100-ാം സ്ഥാനത്ത് ഇന്ത്യ എത്ത. ചൈനയ്ക്ക് 90-ാം സ്ഥാനമാണുള്ളത്. എന്നാല്‍ ഈ സൂചികയില്‍ ഇന്ത്യയ്ക്ക് പിന്നിലാണ് റഷ്യ. 101-ാം സ്ഥാനമാണ് റഷ്യയ്ക്ക് ഉള്ളത്. അഭിവൃദ്ധിയില്‍ ഒന്നാം സ്ഥാനം നോര്‍വെയ്ക്കാണ്. ഏറ്റവും പിന്നില്‍ യെമനും.

ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇതിനു പ്രധാന കാരണം. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് മൊത്തം ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വ്യത്യാസം, ജിഎസ്ടി പരിഷ്‌കരണം തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ വ്യാപാര പരിസ്ഥിതിയെ മാറ്റിമറിച്ചു. ഇത് ചൈനയുമായുള്ള ബന്ധത്തിലും നിഴലിച്ചു. ചൈനയില്‍ വ്യാപാരത്തില്‍ ഇടിവു രേഖപ്പെടുത്തി. കൂടാതെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവു ചൈനയില്‍ ഉണ്ടായി. ഇതെല്ലം പട്ടികയില്‍ ഇന്ത്യയുടെ മുന്നേറ്റത്തിനു കാരണമായി. ബാങ്ക് അക്കൗണ്ടുകളുള്ളവരുടെ എണ്ണം വര്‍ധിച്ചത്, ഭരണ മികവ്, നിയമ നിര്‍മാണങ്ങള്‍, വ്യവസായിക അന്തരീക്ഷം മെച്ചപ്പെട്ടത് തുടങ്ങിയവയാണ് ഇന്ത്യയുടെ പുരോഗതിക്ക് കാരണമെന്ന് ലെഗാതം സൂചികയില്‍ പറയുന്നു. വിദ്യാഭ്യാസത്തിലും സാമ്ബത്തികത്തിലും ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചുവെന്നും ഇന്ത്യയിലെ കൂടുതല്‍ ആളുകള്‍ക്കും തങ്ങളുടെ വരുമാനത്തില്‍ സംതൃപ്തിയുണ്ടെന്നും സൂചികയില്‍ പറയുന്നു.

ഈ സമയത്ത് ഓര്‍ക്കേണ്ട ഒന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഇന്ത്യയുടെ വളര്‍ച്ചയില്‍ മറ്റു രാജ്യങ്ങള്‍ക്ക് ആശങ്ക വേണമെന്ന തലത്തില്‍ എഴുതിയ ലേഖനം. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ, ചൈനയെ പിന്നിലാക്കി കുതിക്കുമെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര കാര്യങ്ങള്‍ക്കുള്ള പത്രമാണ് ഗ്ലോബല്‍ ടൈംസ്. ഈ പത്രത്തില്‍ വരുന്ന ലേഖനങ്ങള്‍ ചൈനയുടെ ഔദ്യോഗിക വിവരങ്ങളായാണ് കണക്കാക്കുന്നത്.

ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമായി മാറുന്നുവെന്നും സൗരോര്‍ജ മേഖലയുടെ വളര്‍ച്ചയില്‍ ഇന്ത്യ എത്തിപ്പിടിക്കാന്‍ കഴിയാത്ത തരത്തില്‍ വളരുകയാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സൗരോര്‍ജ പാര്‍ക്കുകള്‍ വ്യാപകമായി നിര്‍മിക്കുകയാണ്. 10000 കോടി ഡോളറിന്റെ നിക്ഷേപമാണ് സൗരോര്‍ജ മേഖലയില്‍ ഇന്ത്യ അടുത്ത അഞ്ചുവര്‍ഷത്തിനിടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ പോലെ സൗരോര്‍ജ സൗഹൃദമായ മറ്റൊരു രാജ്യമില്ല. അത് ഇന്ത്യക്ക് നേട്ടമാണ്. അന്താരാഷ്ട്ര കാര്യങ്ങളും സാമ്പത്തിക വളര്‍ച്ചാ മേഖലയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ബീജിങിലെ അന്‍ബൗണ്ട് അടുത്തിടെ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഗ്ലോബല്‍ ടൈംസിന്റെ ലേഖനം. ഇന്ത്യ ചൈനയുടെ രീതികള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ചൈന കുടുങ്ങുമെന്നും ഇന്ത്യയുടെ വളര്‍ച്ച അതിവേഗമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ ലേഖനം പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിയുകയാണ് ലെഗാതം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ അഭിവൃദ്ധി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം. കൂടാതെ ബഹിരാകാശ മേഖലയിലും കയറ്റുമതി മേഖലയിലും ചൈനയെ പിന്നിലാക്കി കുതിക്കുന്ന ഇന്ത്യ ചൈനയ്ക്ക് ഒരു വെല്ലുവിളി തന്നെയാണ് ഒരുക്കുന്നത്. ഓരോ പൌരനും അഭിമാനിക്കാവുന്ന നേട്ടം കൊയ്ത് ഇന്ത്യ വളര്‍ച്ചയുടെ പാതിയില്‍ മുന്നേറുമ്പോള്‍ ഭരണത്തിനൊപ്പം നമുക്കും കൈകോര്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button