ജ്യോതിർമയി ശങ്കരൻ
“ദ്വാരകേ…ദ്വാരകേ…
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ സോപാന ഗോപുരമേ
കോടി ജന്മങ്ങളായ് നിൻ സ്വരമണ്ഡപം
തേടി വരുന്നു മീര
നൃത്തമാടിവരുന്നു മീര ദ്വാരകേ..ദ്വാരകേ..“
.
എന്നൊക്കെ മനസ്സിൽപ്പാടി ഭഗവാനെ ദർശിച്ച് സായൂജ്യമടയാനൊരു നിമിഷമിതാ….ശരിയ്ക്കും ഭക്തിയുടെ കുളിരേകുന്ന ദർശനസൌഭാഗ്യം എനിയ്ക്കിന്നു കൈയ്യെത്തും ദൂരത്തായിരിയ്ക്കുന്നുവെന്ന വിചാരം മനസ്സിൽ സന്തോഷമുണർത്തി.
ഗോമതി നദിയുടെ തീർത്തായി കടലിൽ നിന്നും വീണ്ടെടുത്ത ഭൂമിയിൽ ഭഗവാൻ കൃഷ്ണൻ സ്ഥാപിച്ചുവെന്നു പറയപ്പെടുന്ന ദ്വാരകാ നഗരിയിൽ ഉറങ്ങാൻ കിടന്ന ഈ രാത്രിയിൽ സ്വപ്നങ്ങൾ എന്നെ ഒട്ടും തന്നെ അലോസരപ്പെടുത്തിയില്ല.കാരണം സന്തോഷാധിക്യത്താൽ ഉറങ്ങാനായില്ലെന്നതു തന്നെ. മോഹങ്ങൾ സ്വപ്നങ്ങളായാണല്ലോ പലപ്പോഴും സായൂജ്യം തേടുന്നത്,. ഇപ്പോൾ അതിനാവശ്യമില്ലെന്നും ദ്വാരകാധീശനെ നേരം പുലർന്നാൽ നേരിൽ കാണാമെന്നുമുള്ള വിശ്വാസത്തിനു സത്യത്തിന്റെ ഉറപ്പ.
ദ്വാർ എന്നാൽ മോക്ഷ്ദ്വാർ തന്നെ. അമ്പലത്തിന്നകത്തേയ്ക്കു പ്രവേശിയ്ക്കുന്ന വാതിലിനെ മോക്ഷ്ദ്വാർ എന്നും സ്വർഗ്ഗദ്വാർ എന്നും വിളിയ്ക്കുന്നുവെന്ന് ഗൈഡ് രാജു പറഞ്ഞതോർമ്മ വന്നു. ചതുർധാമുകളിൽ ഒന്നായി ഇതിനെ കണക്കാക്കിവരുന്നു.ശൃംഗേരി, ബദരി, പുരി,ദ്വാരക, എന്നിവയാണല്ലോ ചതുർധാമുകൾ.
കോളിംഗ് ബെൽ ശബ്ദമുണ്ടാക്കുന്നു. ഒപ്പം തന്നെ മൊബൈൽ അലാറവും. സമയം രാവിലെ നാലരമണി.ഗൈഡ് വിളിച്ചുണർത്തുകയാണെല്ലാവരേയും. ഇന്നു ബെഡ് ടീ കിട്ടില്ലെന്നു പറഞ്ഞിട്ടുണ്ടല്ലോ. അഞ്ചരയോടെ ഭഗവാനെ ദർശിയ്ക്കാൻ പോകും. ദർശനശേഷം വെറും വയറ്റിൽ വെണ്ണയും തീർത്ഥവും സേവിച്ച് തിരിച്ചു വന്നു ബ്രേക്ഫാസ്റ്റ്. അതിനു ശേഷം ദ്വാരകാപുരി കാണൽ തുടരും. ഇന്നത്തെ യാത്രയുടെ വിശദാംശങ്ങളറിഞ്ഞപ്പോൾ എല്ലാം കാണാൻ തിടുക്കമായി. ദ്വാരകാധീശനെ വണങ്ങി ഹോട്ടലിൽ തിരിച്ചെത്തി ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം പോകുന്നത് കടലിൽ 19 കിലോമീറ്റർ ദൂരം ബോട്ടിൽ സഞ്ചരിച്ചാൽ എത്തുന്ന ഒരു തുരുത്തിലുള്ള ബെട്ട് ദ്വാരകയിലേയ്ക്കാണ്. ഇവിടമാണത്രേ കുചേലൻ അവിൽപ്പൊതിയുമായി ശ്രീകൃഷ്ണനെ കാണാനെത്തിയ പുരാണത്തിലെ ദ്വാരക. ബെട്ട് ദ്വാരകയിൽ ഇരുന്നാണത്രേ ശ്രീകൃഷ്ണൻ ദ്വാരക ഭരിച്ചിരുന്നത്.
സത്യത്തിൽ ഇപ്പോഴുള്ള ദ്വാരക ആറാമത്തെ ദ്വാരകയാണെന്നും ഓരോ യുഗാന്ത്യത്തിലും ദ്വാരക കടലിൽ മുങ്ങിപ്പോകുമെന്നും മറ്റൊരു ദ്വാരക സൃഷ്ടിയ്ക്കപ്പെടുമെന്നും വിശ്വസിച്ചു വരുന്നു.പുരാണാതീതമായി മാത്രമല്ല, ചരിത്രപരമായ തെളിവുകളും ഈ വിശ്വാസത്തിനു ഉപോൽബലകമായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. കടലിന്നടിയിൽ നടത്തിയ പര്യവേഷണങ്ങളിൽ അവിടെ പണ്ടുണ്ടായിരുന്ന നഗരിയുടെ അവശിഷ്ടങ്ങലിൽ പലതും കണ്ടെത്താനായിട്ടുണ്ട് . അന്നുപയോഗിച്ചിരുന്ന പാത്രങ്ങളുടെ കഷ്ണങ്ങളും ചെമ്പു നാണയങ്ങളും ദ്വാരകാധീശ ക്ഷേത്ര പരിസരത്തു നിന്നും കണ്ടു കിട്ടിയിട്ടുണ്ട്.
വേഗം തന്നെ കുളിച്ച് തയ്യാറായി താഴെ ലോബിയിലെത്തിയപ്പോൾ ഹോട്ടലിനെ മുന്നിൽ എല്ലാവരും ഒത്തുകൂടിയിരിയ്ക്കുന്നതു കാണാനായി. ഗൈഡുകളായ രാജുവിന്റെയും അക്ഷയിന്റെയും നിർദ്ദേശാനുസരണം പത്തുമിനുറ്റുകൊണ്ട് നടന്നെത്താവുന്ന ദ്വാരകാമന്ദിറിലേയ്ക്കു നടക്കാൻ തുടങ്ങി. ഇടുങ്ങിയതും വൃത്തി കുറഞ്ഞതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡ് അറ്റ കുറ്റപ്പണികൾക്കായി കിളച്ചു മറിച്ചിട്ടിരിയ്ക്കുന്നതിനാൽ മറ്റൊരു വഴിയിലൂടെ നടക്കേണ്ടി വന്നു. അമ്പലത്തിന്നടുത്തെത്തിയപ്പോൾ ഞങ്ങൾക്കു ചുറ്റുമായി വളഞ്ഞ കച്ചവടക്കാരിൽ നിന്നും ഭഗവാനു ചാർത്താനായി തുളസീമാലകളും വാങ്ങി. ഗൈഡ് പറഞ്ഞ സ്ഥലത്ത് എല്ലാവരും പാദരക്ഷകൾ സൂക്ഷിയ്ക്കാനേൽപ്പിച്ചു എല്ലാവരും ക്യൂ ആയി നിന്നു, രണ്ടു വരികളിലായി. നല്ല തിരക്കുണ്ട് ആരതി സമയം അടുക്കാറായി,. രാവിലെയും വൈകീട്ടും ആരതി തൊഴൽ ഇവിടെ മുഖ്യമാണ്. നമ്മുടെ ദീപാരാധന തന്നെ.
അമ്പലത്തിന്നകത്തേയ്ക്ക് കടക്കുന്നതിനുമുൻപായി കർശനമായ പരിശോധനയുണ്ട്. മൊബൈൽ ഫോൺ, ക്യാമറ , ബെൽട്ട്, ബാഗ് തുടങ്ങിയവയെല്ലം നിഷിദ്ധം. കാത്തു കാത്തിരുന്നു കാണാൻ കൊതിച്ച കറുത്ത കൃഷ്ണരൂപം മനസ്സിൽ നിറഞ്ഞു നിന്നതിനാൽ ഫോട്ടോ എടുക്കാനാകില്ലെന്നറിഞ്ഞിട്ടും വിഷമം തോന്നിയില്ല. മനസ്സിൽപ്പകർത്താനായിരുന്നല്ലോ എല്ലാവർക്കും തിടുക്കവും. കൃഷ്ണാ…അനുഗ്രഹിയ്ക്കണേ…..
Post Your Comments