Latest NewsKeralaNews

കെ.എസ്.ആര്‍.ടി.സി എം.ഡിയായി തുടരാന്‍ താല്‍പര്യമില്ല: എ. ഹേമചന്ദ്രന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് എ. ഹേമചന്ദ്രന്‍. ഇത് കാണിച്ച് ഹേമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും തന്നെ മറ്റേതെങ്കിലും സ്ഥാനത്തേക്ക് മാറ്റണമെന്നും അല്ലെങ്കില്‍ രാജിവച്ചൊഴിയുമെന്നും ഹേമചന്ദ്രന്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും യൂനിയനുകളുടെ പ്രതികൂല നിലപാടുകളുമാണ് ഇത്തരത്തില്‍ ഒരു കത്ത് നല്‍കാന്‍ തന്നെ ലപ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഗതാഗതവകുപ്പുകൂടി ഹേമചന്ദ്രന്‍ കൈകാര്യം ചെയ്യുന്നുണ്ട്.
 
കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തികമായി കരകയറ്റുന്നതിനായി പരിഷ്‌കരണ നടപടികള്‍ ശക്തമായി നടപ്പിലാക്കിക്കൊണ്ടിരുന്ന അവസരത്തിലാണ് രാജമാണിക്യത്തെ എം.ഡി സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ മാറ്റിയത്. സോളാര്‍ കേസില്‍ കുറ്റാരോപണ വിധേയനായ ഡി.ജി.പി എ. ഹേമചന്ദ്രനെ സര്‍ക്കാര്‍ നടപടിയെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ എം.ഡി സ്ഥാനത്ത് നിയമിക്കുകയായിരുന്നു. അതേസമയം, കെ.എസ്.ആര്‍.ടി.സിയുടെ രക്ഷാപ്രവര്‍ത്തനം ശക്തമായി നടപ്പിലാക്കിക്കൊണ്ടിരുന്ന രാജമാണിക്യത്തിന് സ്ഥാനം നഷ്ടമാകുകയും ചെയ്തു. രാജമാണിക്യം ചെയ്തുവന്ന പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും മുന്നോട്ടുകൊണ്ടുപോകാന്‍ ഹേമചന്ദ്രന് കഴിഞ്ഞതുമില്ല.
 
കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പദ്ധതികളോട് ഒരു യൂനിയനുകളും താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. കെ.എസ്.ആര്‍.ടി.സി തകര്‍ന്നാലും നിലവിലുള്ള സംവിധാനങ്ങളില്‍ മാറ്റം വരുത്തുന്നതിന് യൂനിയനുകള്‍ തയാറാകുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. യൂനിയനുകളുടെ താല്‍പര്യത്തിനനുസരിച്ച് മുന്നോട്ടുപോയാല്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുന്നത് അസാധ്യമാകും. ഇതാണ് ഹേമചന്ദ്രനെ എം.ഡി സ്ഥാനം ഉപേക്ഷിച്ചുപോകാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button