Uncategorized

മിഥില മോഹന്‍ വധം : 12 വര്‍ഷത്തിനു ശേഷം കൊലയാളികളെ തിരിച്ചറിഞ്ഞു : പൊലീസ് രേഖാചിത്രം തയ്യാറാക്കി

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ കൊലപാതകമായിരുന്നു മിഥിലാ മോഹന്റേത്. പന്ത്രണ്ടുവര്‍ഷം മുമ്പ് അബ്കാരി വ്യവസായിയായിരുന്ന മിഥില മോഹനെ വീടിനുള്ളില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ബിസിനസ്സിലെ കുടിപ്പകയായിരുന്നു കൊലയ്ക്ക് പിന്നിലുണ്ടായിരുന്നത്. മിഥില മോഹനെ വെടിവച്ചുകൊന്ന മതിവണ്ണന്‍, ഉപ്പാളി എന്നിവരെ 12 വര്‍ഷത്തിനു ശേഷം ക്രൈം ബ്രാഞ്ച് തിരിച്ചറിയുകയായിരുന്നു. ഇവരുടെ രേഖാചിത്രവും തയാറാക്കി. തമിഴ്‌നാട്ടില്‍ ഇവര്‍ വന്നുപോകുന്ന സ്ഥലത്തെക്കുറിച്ചും അന്വേഷണസംഘം മനസിലാക്കിയിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാകുമെന്നാണു സൂചന.

കേസിലെ മൂന്നും നാലും പ്രതികളാണു മതിവണ്ണനും ഉപ്പാളിയും. തൃശൂര്‍ പൂങ്കുന്നം സ്വദേശി സന്തോഷാ(കണ്ണന്‍)ണു ഒന്നാം പ്രതി. കുപ്രസിദ്ധ കുറ്റവാളി ഡിണ്ടിഗല്‍ പാണ്ഡ്യന്‍ രണ്ടാംപ്രതിയും. കണ്ണന്റെ ക്വട്ടേഷനില്‍ പാണ്ഡ്യന്റെ നിര്‍ദേശപ്രകാരം മതിവണ്ണനും ഉപ്പാളിയും 2006 ഏപ്രില്‍ അഞ്ചിനു കൊച്ചി വെണ്ണലയിലെ വീട്ടിലെത്തി മിഥില മോഹനെ വെടിവച്ചുകൊല്ലുകയായിരുന്നു.

2013 ഏപ്രില്‍ മൂന്നിനു സന്തോഷ് അറസ്റ്റിലായതോടെയാണു പാണ്ഡ്യനെയും മതിവണ്ണനെയും ഉപ്പാളിയെയും കുറിച്ച് പോലീസിനു വിവരം ലഭിക്കുന്നത്. ഇരുവരെയും നേരിട്ടറിയാവുന്ന പാണ്ഡ്യന്‍ തമിഴ്‌നാട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

മതിവണ്ണന്‍, ഉപ്പാളി എന്നീ പേരുകള്‍ മാത്രമായിരുന്നു പോലീസിനും പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനും മുന്നിലുണ്ടായിരുന്നത്. ഇതോടെ കേസ് സി.ബി.ഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ടു മിഥില മോഹന്റെ മകന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നു ജനുവരി 10 നു മുമ്ബു പ്രതികളെ പിടികൂടണമെന്നു കോടതി ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഇതിനിടെയാണു നിര്‍ണായക വഴിത്തിരിവ്. ഇരുവരുമുള്ള സ്ഥലം പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്.

അബ്കാരി രംഗത്തെ പ്രമുഖനായിരുന്നു മിഥില മോഹന്‍. പങ്കാളിയായി കണ്ണന്‍ പിന്നീടു മോഹനുമായി തെറ്റി. തുടര്‍ന്നു മിഥില മോഹനെ ഇല്ലാതാക്കാന്‍ പാണ്ഡ്യന് 10 ലക്ഷം രൂപ കണ്ണന്‍ ക്വട്ടേഷന്‍ നല്‍കി. കൊച്ചിയിലെത്തി മോഹനെ തിരിച്ചറിഞ്ഞ പാണ്ഡ്യന്‍ തന്റെയൊപ്പമുള്ള മതിവണ്ണനെയും ഉപ്പാളിയെയും കൊല നടത്താന്‍ ഏല്‍പ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button