കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൊച്ചിയില്‍ നിന്നു പുറപ്പെട്ട 22 ബോട്ടുകള്‍ തിരിച്ചെത്തി. ലക്ഷദ്വീപ് തീരത്ത് എത്തിപ്പെട്ട ബോട്ടുകളാണ് തിരിച്ചെത്തിയത്. 250 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നത്. കേരളത്തില്‍ നിന്ന് 41 പേരും തമിഴ്നാട്ടില്‍ നിന്ന് 189 പേരും ആസാം സ്വദേശികളായ 14 പേരും ഒറീസയില്‍ നിന്ന് അഞ്ചു പേരും ആന്ധ്രയില്‍ നിന്നുള്ള ഒരു തൊഴിലാളിയുമാണ് ബോട്ടിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം എല്ലാവരെയും സ്വദേശത്തേക്ക് തിരിച്ചയച്ചു. രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജോയിന്റ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.
ദുരന്തബാധിതമേഖലയില്‍ ഞായറാഴ്ചയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു. ചെല്ലാനത്ത് 319 വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിച്ചു. 13-ാം വാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ച ആറു വീടുകള്‍ സംഘം കണ്ടെത്തി. 292 സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി. 278 ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. 11 സെപ്റ്റിക് ടാങ്കുകള്‍ ശുചീകരിച്ചു. 211 സ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. 37 സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. 22 ജീവനക്കാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Post Your Comments