ന്യൂഡല്‍ഹി : പരസ്ത്രീഗമനം നടത്തുന്ന പുരുഷന്‍ മാത്രമാണ് കുറ്റക്കാരനെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസിന്റെ മകന്‍ , ഈ വകുപ്പ് ഭരണഘടനവിരുദ്ധമാണോ എന്ന് പരിശോധിക്കുന്ന ബെഞ്ചിലുള്‍പ്പെട്ടത് നിയമവഴിയിലെ അപൂര്‍വതയായി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അച്ഛന്‍ ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡിന്റെ ബെഞ്ചാണ് 1985 ല്‍ ഇതു സംബന്ധിച്ച ഒരു കേസ് പരിശോധിച്ച് തീര്‍പ്പാക്കിയത്.
പരസ്ത്രീഗമനം സംബന്ധിച്ച ഇപ്പോഴത്തെ പൊതു താത്പര്യ ഹര്‍ജി പരിശോധിക്കുന്നത് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ് എ.എം. ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ്. ഈ വകുപ്പ് മുമ്പ് നാലു തവണ കോടതിയില്‍ ചാദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അച്ഛന്‍ ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ ബെഞ്ചാണ് 1985-ല്‍ ഇതുസംബന്ധിച്ച ഒരു കേസ് പരിശോധിച്ച് തീര്‍പ്പാക്കിയതെന്നത് ശ്രദ്ധേയമാണ്. സ്ത്രീയല്ല, പുരുഷനാണ് പ്രലോഭിപ്പിക്കുന്നത് എന്ന കാര്യം പൊതുവേ അംഗീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വൈ.വി. ചന്ദ്രചൂഡിന്റെ ബെഞ്ച് 497-ാം വകുപ്പ് ശരിവെച്ചത്.
സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു നിയമം, അവര്‍ക്ക് ലിംഗസമത്വത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാകുമോയെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു. സ്ത്രീയെ ഇരയായി കാണുമ്പോള്‍ അവര്‍ക്ക് നിയമസംരക്ഷണം ഉണ്ടെന്ന് കരുതാനാകുമോ? ഭര്‍ത്താവിന്റെ സമ്മതത്തോടെ പരപുരുഷബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ കേവലം ഉപഭോഗവസ്തുവിന്റെ നിലയിലേക്ക് താഴുകയല്ലേയെന്നും ചന്ദ്രചൂഡ് ചോദിച്ചു. സമൂഹം പുരോഗമിക്കുന്നതിനനുസരിച്ച് നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടണമെന്ന് നിരീക്ഷിച്ച അദ്ദേഹം, 497-ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്നും പരാമര്‍ശിച്ചു.
Post Your Comments