ന്യൂഡല്‍ഹി: അമ്മയെയും സഹോദരിയെയും ബാറ്റുകൊണ്ടു തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക (11) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. ഗ്രേറ്റര്‍ നോയ്ഡയിലെ ഗോര്‍ സിറ്റിയില്‍ ഉള്ള അപ്പാർട്ട്മെന്റിലാണ് സംഭവം. അഞ്ജലിയുടെ തലയില്‍ അടിയേറ്റ ഏഴു മുറിവുകളും മണികര്‍ണികയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്.
മൃതദേഹത്തിന്റെ അടുത്തുനിന്നും രക്തം പുരണ്ട കത്രിക ലഭിക്കുകയും ചെയ്തിരുന്നു. കൊലയാളി ഗെയിം ബ്ലൂവെയ്ലനേക്കാള് മാരകമായ ഗാംഗ്സ്റ്റര് ഇന്‍ ഹൈസ്കൂള്‍ എന്ന ഗെയിമിന് അടിമയായിരുന്നു കുട്ടിയെന്നാണ് പോലീസ് പറയുന്നത്. ഈ ഗെയിമുമായി ബന്ധപ്പെട്ട ഇലക്ട്രോണികിസ് ഉപകരണങ്ങള്‍ വീട്ടല്‍നിന്നും ലഭിച്ചതായി പോലീസ് സാക്ഷ്യപ്പെടുത്തുന്നു. തിങ്കളാഴ്ച രാത്രി എട്ടിന് ഇയാള്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഫ്ളാറ്റിലേക്കു കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
രാത്രി 11.30 ന് ഫ്ളാറ്റില്‍നിന്നും ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യമാണ് അവസാനം ലഭിച്ചത്. കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ വീട്ടിലെ കുളിമുറിയില്‍നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments