
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കടല്‍ഭിത്തികളുടെ പുനഃനിര്‍മ്മാണം ആരംഭിച്ചു. കടല്‍ഭിത്തി തകര്‍ന്ന വേളാങ്കണ്ണി ബസാര്‍, മറുവക്കാട്, ആലുങ്കല്‍, ചെറിയകടവ് എന്നിവിടങ്ങളിലാണ് കടല്‍ഭിത്തി പുനഃനിര്‍മ്മാണം ആരംഭിച്ചത്. നിലവില്‍ കടല്‍ഭിത്തി തകര്‍ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയത്ത് വീണ്ടും വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ തകര്‍ന്ന ഭാഗങ്ങളില്‍ കല്ലുകള്‍ പുനസ്ഥാപിച്ചു.
കടല്‍ഭിത്തി പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗം കെ.ജെ. മാക്സി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കടല്‍ഭിത്തി പുനഃനിര്‍മ്മാണത്തിനായി ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടില്‍ നിന്നും തുക ലഭ്യമാക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും മുന്‍ എംപി പി. രാജീവും അറിയിച്ചു. കടല്‍ഭിത്തി നിര്‍മാണത്തിന് ജിയോട്യൂബ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ചെല്ലാനം പഞ്ചായത്തില്‍ 1150 മീറ്റര്‍ നീളത്തില്‍ ജിയോട്യൂബ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണത്തിന് എട്ടു കോടി രൂപയും രണ്ടു പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിന് മൂന്നു കോടി രൂപയും അടിയന്തരമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 30നു മുന്‍പ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വേളാങ്കണ്ണി ബസാര്‍-300 മീറ്റര്‍, കമ്പനിപ്പടി-300 മീറ്റര്‍, വാച്ചാക്കല്‍-100 മീറ്റര്‍, പുത്തന്‍തോട് ഫിഷിംഗ് ഗ്യാപ് – 110 മീറ്റര്‍ എന്നിവയാണ് അടിയന്തിരമായി കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
തീരദേശ മേഖലയുടെ ദീര്‍ഘകാല സംരക്ഷണത്തിന് പുലിമുട്ടുകളാണ് ശാശ്വത പരിഹാരമെന്ന് യോഗം വിലയിരുത്തി. പുലിമുട്ട് നിര്‍മ്മാണത്തിനായി കണ്ടേക്കാട് പ്രദേശത്ത് ചെന്നൈ ഐഐടി പഠനം നടത്തിയിട്ടുണ്ട്. ടി അക്ഷരത്തിന്റെ ആകൃതിയിലുള്ള പുലിമുട്ടുകളുടെ രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മറ്റു സ്ഥലങ്ങളിലും ഐഐടി പഠനം നടത്തി രൂപരേഖ ലഭ്യമാക്കി അതിനുള്ള തുകയും സര്‍ക്കാരിനോട് ആവശ്യപ്പെടും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുലിമുട്ടുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
Post Your Comments