വാഷിങ്ടണ്‍ : ഐ.എസിനേയും ഐ.എസ് സാമ്രാജ്യത്തെ കുറിച്ചും അവിശ്വസനീയമായ വിവരങ്ങളുമായി യു.എസ് രംഗത്തെത്തി. ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പൂര്‍ണമായും തകര്‍ത്തെറിഞ്ഞാലും ഭയക്കാന്‍ ഇനിയും പല കാര്യങ്ങളും ബാക്കിയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ്.
പാശ്ചാത്യ രാജ്യങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താന്‍ ഇന്റര്‍നെറ്റിലൂടെ ആഹ്വാനം ചെയ്യാന്‍ സാധിക്കുന്ന ഐഎസിന്റെ കഴിവിനെ തകര്‍ക്കാനായിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ വിഭാഗമാണ് അറിയിച്ചത്. ഭീകരസംഘടനകളിലേക്ക് ഓണ്‍ലൈന്‍ ‘റിക്രൂട്‌മെന്റ്’ നടത്തുന്നതിനെ യുഎസ് എത്രത്തോളം ഫലപ്രദമായി നേരിടുന്നുവെന്ന സെനറ്റ് കമ്മിറ്റിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു സുരക്ഷാ വിഭാഗം.
കഴിഞ്ഞ രണ്ടു വര്‍ഷമായി തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ വിട്ട് പുറംരാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഐഎസ്. പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടല്ലാതെ ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഇരുപതോളം ആക്രമണമെങ്കിലും ഈ ഭീകരസംഘടന നടത്തിയതു തന്നെ അതിനു തെളിവ്. ലോകത്തിന്റെ പലയിടത്തു നിന്നും ഐഎസിനെ തുരത്തിക്കഴിഞ്ഞു. എന്നാല്‍ അതിനു സമാന്തരമായി, മറ്റുള്ളവരെ ഭീകരാക്രമണത്തിനു പ്രേരിപ്പിക്കുന്ന ഐഎസ് തന്ത്രങ്ങള്‍ക്കു തടയിടാനായിട്ടില്ല.
സൈബര്‍ ലോകമാണ് ഐഎസിന്റെ പുതിയ വിളനിലം. സമൂഹമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഐഎസ് അനുഭാവികളിലേക്ക് എത്താനുള്ള ഐഎസ് നീക്കങ്ങള്‍ പ്രവചനാതീതമാണ്. അതിനെ പിന്തുടരാനാകുന്നില്ല. അതിനാല്‍ത്തന്നെ പ്രാദേശിക തലത്തില്‍ ഭീകരത വളര്‍ത്താനുള്ള ഐഎസിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നില്ല.
ശക്തികേന്ദ്രങ്ങളായിരുന്ന ഇറാഖിലും സിറിയയിലും ഇന്ന് 3000ത്തില്‍ താഴെ മാത്രമാണ് ഐഎസ് ഭീകരരുള്ളത്. സിറിയയിലെ റാഖയില്‍ നിന്നു കൂടി ഐഎസിനെ തുരത്തിയതോടെ ഭീകരസംഘടനയുടെ അവസാനം അടുത്തെന്നു പറഞ്ഞത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്. എന്നാല്‍ ഭീകരരുടെ ‘സാമ്രാജ്യം’ തകര്‍ത്താലും അത് ഐഎസിന്റേയോ മറ്റേതൊരു ഭീകരസംഘടനയുടെയോ അന്ത്യമാണെന്നു കരുതാനാകില്ലെന്ന് ആക്ടിങ് അസി. ഡിഫന്‍സ് സെക്രട്ടറി മാര്‍ക് മിച്ചെല്‍ പറഞ്ഞു.
പിടിച്ചെടുത്ത പ്രദേശങ്ങള്‍ കുറയുന്നതോടെ ഐഎസ് വെര്‍ച്വല്‍ ലോകത്തെ കൂടുതലായി ആശ്രയിക്കുകയാണ്. പ്രലോഭനങ്ങളില്‍ വീഴുന്നവരെ കെണിയില്‍ വീഴ്ത്തിയുള്ള ഐഎസിന്റെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതു തന്നെ അതിനുദാഹരണമെന്നും ദേശീയ സുരക്ഷാവിഭാഗം വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്, യൂട്യൂബ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ നിന്ന് ‘തീവ്രവാദ’ സ്വഭാവമുള്ള പോസ്റ്റുകളും വിഡിയോകളും നീക്കാന്‍ നടപടിയുണ്ടാകണമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യുഎസില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്.
Post Your Comments