തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും തീരപ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഓഖി ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചു. ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരോടും പാര്‍ട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യവും പരിഗണിക്കും. ദുരന്തം കാരണം മാനസികാഘാതം നേരിട്ട കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സലിങ് നല്‍കണമെന്ന നിര്‍ദ്ദേശവും നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments