മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൊള്ളസംഘമായ ഡി കമ്പനിക്ക് വനിതാ വിഭാഗവുമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രാധാനമായും സ്ത്രീകളെ ലക്ഷ്യം വച്ചുള്ളതാണ് ഇത്തരം ഈ വിഭാഗം. സ്ത്രീകളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക വിഭാഗമാണിതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രത്യേക ദൗത്യങ്ങളും ഇവര്‍ അപ്പപ്പോള്‍ തന്നെ ദാവൂദിനെ അറിയിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. ഫോണ്‍ കോളുകള്‍ ചോര്‍ത്തലില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
ദാവൂദിന്റെ വലംകൈയായ ഛോട്ട ഷക്കീലിന്റെ അടുത്തയാളായ ഉസ്മാനാണ് ഈ വിഭാഗത്തിന്റെ ചുമതല. ഈ വിവരം ഞെട്ടിക്കുന്നതാണെന്ന് മുന്‍ ഐ.പി.എസ് ഓഫീസര്‍ പി.കെ ജെയിന്‍ പറഞ്ഞു. തന്റെ പോലീസ് ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു വിവരം ലഭിക്കുന്നത്. കവര്‍ച്ച ബിസിനസ് ദാവൂദ് നിര്‍ത്തിയിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ഒരു ദേശീയ വാര്‍ത്താ വെബ്‌സൈറ്റിനോട് പറഞ്ഞു.
ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം എത്തിയെന്ന് കാണിച്ച് ഒരു യുവതി ഖര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പരിശോധിച്ചപ്പോഴാണ് വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനം പുറത്തുവന്നത്. പാകിസ്ഥാനിലുള്ള ഒരു നമ്പറില്‍ നിന്നാണ് ഇവരുടെ ഫോണിലേക്ക് വിളി എത്തിയത്. പണം നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
അനധികൃത മാര്‍ഗത്തില്‍ പണം സമ്പാദിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടിയാണ് ഡി കമ്പനി വനിതാ വിഭാഗം സജീവമാക്കുന്നതെന്ന് സൂചനയുണ്ട്. ബിറ്റ്‌കോയിന്‍ വഴി ദാവൂദ് ഇടപാടുകള്‍ വഴിതിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Post Your Comments