വണ്ണം കുറയ്ക്കാന്‍ എന്തും ചെയ്യുന്നവരാണ് നമ്മള്‍. ആഹാരം കുറയ്ക്കാനും വ്യായാമം ചെയ്യാനും നമ്മളില്‍ പലര്‍ക്കും ഒരു മടിയുമില്ല. എന്നാല്‍ ചിലരില്‍ വണ്ണം കുറയുമ്പോള്‍ മറ്റു ചിലരില്‍ വിപരീത ഫലമായിരിക്കും ഉണ്ടാവുക. ഇത്രയും കഷ്ടപ്പെട്ടിട്ടും വണ്ണം കുറയാതിരിക്കുമ്പോള്‍ പലപ്പോളും നമ്മള്‍ പല കുറുക്ക് വഴികളിലൂടെയും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ അവിടെയും പിന്തുടരുന്ന ചില തെറ്റായ ശീലങ്ങളുണ്ട്. അതൊക്കെ തന്നെ തന്നെ നമ്മുടെ ശരീരത്തിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
തെറ്റായ അറിവുകള്‍ക്കനുസരിച്ച് തടി കുറയ്ക്കാനൊരുമ്പെടുന്നവരാണ് അബദ്ധങ്ങളില്‍ പെടുന്നത്. വിദഗ്ധോപദേശം തേടാതെ വായിച്ച അറിവുകളോ സുഹൃത്തുക്കളുടെ നിര്‍ദേശമോ അനുസരിച്ചാവും ഇക്കൂട്ടര്‍ പ്രയോഗങ്ങളിലേക്ക് കടക്കുക. അതിനു വിപരീതഫലമുണ്ടാവുക സ്വാഭാവികം. നിങ്ങളുടെ നിലവിലെ ആരോഗ്യ സ്ഥിതി, ഭക്ഷണ ക്രമം, പ്രായം, ആഹാര ഇഷ്ടാനിഷ്ടങ്ങള്‍, ഹോര്‍മോണല്‍ നിലവാരം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി വിവരങ്ങളെ അടിസ്ഥാനമാക്കിയാവും തടി കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് ഡയറ്റും മറ്റും ക്രമീകരിക്കുന്നത്.
നടപ്പാക്കാനാവാത്ത ടാര്‍ഗറ്റ് ഉറപ്പിക്കുകയാണ് പലരും ആദ്യം തന്നെ ചെയ്യുക. ഒരുമാസം കൊണ്ട് 10 കിലോ കുറയ്ക്കണം തുടങ്ങി ഇത്ര കുറയ്ക്കണം എന്ന നിശ്ചയത്തോടെയാവരുത് ഇതിനു ഇറങ്ങി പുറപ്പെടേണ്ടത്. യാഥാര്‍ഥ്യത്തോടെയുള്ള ലക്ഷ്യം എപ്പോഴും കുറവായിരിക്കണം. ഇത് വേഗം സാക്ഷാല്‍കരിക്കാമെന്നതിനാല്‍ നിങ്ങള്‍ക്ക് ഇത് തുടരുന്നത് ആവേശകരമാകും. ആഴ്ചയില്‍ കൂടിവന്നാല്‍ ഒരു കിലോ മാത്രം കുറഞ്ഞാല്‍ മതി. ഇതായിരിക്കണം കണക്ക്. ഇതില്‍ കൂടുതല്‍ കുറയുന്നത് ദോഷമാണെന്നാണ് ഡോക്ടര്‍മാരും ന്യൂട്രീഷ്യനിസ്റ്റുകളും ആരോഗ്യരംഗത്തെ വിദഗ്ധരും ഒരുപോലെ ഉപദേശിക്കുന്നത്.
സമയം കിട്ടിയാല്‍ ഭാരം നോക്കുന്ന യന്ത്രത്തിലേക്ക് ഓടിക്കയറുന്നതാണ് ചിലരുടെയെങ്കിലും രീതി. എപ്പോഴും ഭാരം നോക്കുന്ന രീതി നന്നല്ല. ദഹിക്കാത്ത ആഹാരം, പാനീയങ്ങള്‍, ദ്രാവകങ്ങള്‍ ഇവ ശരീരത്തിലുണ്ടെങ്കില്‍ ഭാരം കൂടുതല്‍ കാട്ടും. ചിലര്‍ പറയും തേന്‍ കുടിച്ചാല്‍ വണ്ണം കുറയുമെന്ന്. എന്നാല്‍ ചിലരുടെ ശരീരപ്രകൃതമനുസരിച്ച് തേന്‍ കുടിച്ചാല്‍ അവര്‍ക്ക് വണ്ണം കൂടുകയേയുള്ളൂ. ഇതുപോലെ തന്നെ വണ്ണം കുറയ്ക്കാനായി ടാബ്ലെറ്റുകള്‍ കഴിക്കുന്നതും ശരീരത്തില്‍ ഒരുപാട് ദോഷഫലങ്ങളുണ്ടാക്കും.
Post Your Comments