Latest NewsIndiaNews

മുന്നറിയിപ്പു ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദത്തോടു വിയോജിച്ച് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

ന്യൂഡൽഹി: ചുഴലിക്കാറ്റു സംബന്ധിച്ചു മുന്നറിയിപ്പു ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദത്തോടു വിയോജിച്ച് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിക്കും കാലാവസ്ഥാ മുന്നറിയിപ്പുള്ള ബുള്ളറ്റിൻ ലഭ്യമാക്കിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ സ്ഥിരം കൈകാര്യം ചെയ്യുന്നതായതിനാൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിനു സാങ്കേതിക സൂചനകൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വാദത്തിലും കഴമ്പില്ലെന്നാണു കേന്ദ്ര വൃത്തങ്ങളുടെ വിശദീകരണം.

ന്യൂനമർദം അതിന്യൂനമർദമാകാനുള്ള സാധ്യത 29നു രാവിലെ 11.50നു നൽകിയ പ്രത്യേക ബുള്ളറ്റിനിൽ സൂചിപ്പിച്ചിട്ടുണ്ട്. അതിന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധർ അറിയേണ്ടതാണ്. കൂടാതെ, സംസ്ഥാന സർക്കാരിനാണ് കടൽ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികൾ അടുത്ത 48 മണിക്കൂറിൽ കടലിൽ പോകരുതെന്നുമുള്ള നിർദേശം ഗൗരവത്തിലെടുത്തു മുന്നറിയിപ്പു നൽകാനുള്ള ഉത്തരവാദിത്തവും. അടിയന്തര നടപടിയെടുക്കാനുള്ള വ്യക്തമായ നിർദേശമാണ് 29ന് ഉച്ചയ്ക്ക് 2.15നു നൽകിയ മുന്നറിയിപ്പിൽ ന്യൂനമർദത്തിന്റെ ഉപഗ്രഹ ചിത്രത്തിൽ ‘ഡിപ്രഷൻ’ എന്നു രേഖപ്പെടുത്തിയിരുന്നത്.

ചീഫ് സെക്രട്ടറിയുടെ ഓഫിസിലും ദുരന്തനിവാരണ അതോറിറ്റിയിലും മുന്നറിയിപ്പുകൾ പരിശോധിക്കുന്നവർക്കും കാലാവസ്ഥാ ബുള്ളറ്റിനിലെ നിറവ്യതിയാനങ്ങളുടെ അർഥം അറിയാവുന്നതാണ്. സാധാരണ കാലാവസ്ഥാ അറിയിപ്പുകൾക്കു പകരമായി 29നു നാലു പ്രത്യേക ബുള്ളറ്റിനുകൾ ഉണ്ടായിരുന്നു. ചുഴലിക്കാറ്റിനെ സൂചിപ്പിച്ച് ‘ഡീപ് ഡിപ്രഷനെ’ന്നു ചുവന്ന അക്ഷരങ്ങളിൽ 30നു രാവിലെ 8.30ന് അയച്ച ആറാം ബുള്ളറ്റിനിലെ ഉപഗ്രഹ ചിത്രത്തിൽ രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button