![](/wp-content/uploads/2017/12/donald-trump-charlottesvill-1.jpg)
വാഷിങ്ടണ്‍ : ലോകരാഷ്ട്രങ്ങളുടെ പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഇസ്രയേലിന്റെ തലസ്ഥാന മാറ്റത്തെ അമേരിക്ക അംഗീകരിച്ചിരിക്കുന്നത്. ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ യുഎസ് അംഗീകരിക്കുന്നതു മേഖലയില്‍ സൃഷ്ടിക്കുക കനത്ത പ്രത്യാഘാതങ്ങളായിരിക്കും. പശ്ചിമേഷ്യാ സമാധാന ശ്രമങ്ങള്‍ക്കു തിരിച്ചടിയാകുന്നതിനൊപ്പം അറബ് ലോകത്തു യുഎസിനെതിരെ കടുത്ത അവിശ്വാസം സൃഷ്ടിക്കുന്ന നടപടികൂടിയാകും ഇത്.
തര്‍ക്കകേന്ദ്രം കിഴക്കന്‍ ജറുസലം
1948ല്‍ പടിഞ്ഞാറന്‍ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേല്‍ 1967ല്‍ യുദ്ധത്തിലൂടെയാണ് ജോര്‍ദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കന്‍ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതല്‍ ഇസ്രയേല്‍ – പലസ്തീന്‍ തര്‍ക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കന്‍ ജറുസലം. 1980ല്‍ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേല്‍ നിയമം പാസാക്കിയെങ്കിലും യുഎന്‍ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. രാജ്യാന്തര സമൂഹവും കിഴക്കന്‍ ജറുസലമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. പടിഞ്ഞാറന്‍ ജറുസലമിനെ തലസ്ഥാനമായി റഷ്യ ഈ വര്‍ഷം ആദ്യം അംഗീകരിച്ചിരുന്നു. ഇസ്രയേലിന്റെ ഭരണകേന്ദ്രം ജറുസലം ആണെങ്കിലും യുഎസ് ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികള്‍ ടെല്‍ അവീവിലാണു പ്രവര്‍ത്തിക്കുന്നത്. ഇതിനാണു ട്രംപ് മാറ്റം വരുത്തുന്നത്.
മൂന്നു മതവിശ്വാസികള്‍ക്ക് പുണ്യനഗരം
ഇസ്ലാം, ജൂത, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ഒരുപോലെ പുണ്യനഗരമാണിത്. ജൂതന്മാര്‍ അവരുടെ പുണ്യസ്ഥലമായി കാണുന്ന ടെംപിള്‍ മൗണ്ടും ഇസ്ലാമിലെ മൂന്നാമതു പുണ്യസ്ഥലമായ അല്‍ അഖ്‌സ മസ്ജിദും കിഴക്കന്‍ ജറുസലമിലാണ്.
രാജ്യമില്ലാത്ത പൗരന്മാര്‍
കിഴക്കന്‍ ജറുസലമില്‍ നാലു ലക്ഷത്തിലേറെ പലസ്തീന്‍കാരുണ്ടെന്നാണു കണക്ക്. ഇവര്‍ക്ക് ഒരു രാജ്യത്തിന്റെയും പൂര്‍ണപൗരത്വമില്ല. പകരമുള്ളത് ഇസ്രയേല്‍ റസിഡന്‍സി പെര്‍മിറ്റുകള്‍ മാത്രം. ജോര്‍ദാന്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും അതില്‍ ദേശീയ പൗരത്വ നമ്പറില്ല.
വോട്ട് ബാങ്ക് തന്ത്രം
ടെല്‍ അവീവില്‍നിന്നു യുഎസ് എംബസി ജറുസലമിലേക്കു മാറ്റുന്നതിനു വര്‍ഷങ്ങളെടുക്കുമെങ്കിലും ഇസ്രയേല്‍ അനുകൂല യാഥാസ്ഥിതികരുടെ വോട്ടുബാങ്കാണു ട്രംപിന്റെ ലക്ഷ്യം. നടപ്പാക്കുന്നതിനെക്കള്‍ എളുപ്പമാണ് ഇതുസംബന്ധിച്ച വാചകമടിയെന്നു ട്രംപിനറിയാം.
പ്രതിഷേധം വ്യാപകമാകും
ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് ജാറെദ് കുഷ്‌നറും ജാസര്‍ ഗ്രീന്‍ബെല്‍റ്റുമാണ് യുഎസ് മധ്യസ്ഥത വഹിക്കുന്ന ഇസ്രയേല്‍ – പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്. വിവിധ അറബ് നേതാക്കളുമായി ഇതുവരെ ചര്‍ച്ചകള്‍ നടത്തിയതു കുഷ്‌നറാണ്. ഇതിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി.
തല്‍സ്ഥിതി നിലനിര്‍ത്തുക: ഫ്രാന്‍സിസ് മാര്‍പാപ്പ
ജറുസലമില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സാഹചര്യങ്ങള്‍ സങ്കടപ്പെടുത്തുന്നതായും ഇതേക്കുറിച്ചു നിശ്ശബ്ദത പാലിക്കാനാവില്ലെന്നും മാര്‍പാപ്പ പറഞ്ഞു. യുഎന്‍ പ്രമേയം എല്ലാവരും അംഗീകരിക്കണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു.
Post Your Comments