കൊടുങ്ങല്ലൂര്‍: ബഹ്‌റൈനിലെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചപ്പോള്‍ അരങ്ങേറിയത് അവിശ്വസനീയ രംഗങ്ങള്‍. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ എല്ലാത്തിനും ഒപ്പം നില്‍ക്കുകയും മൃതദേഹത്തോടൊപ്പം ബഹ്‌റിനില്‍ നിന്നും നാട്ടില്‍ എത്തുകയും ചെയ്ത ചാലക്കുടിക്കാരിയായ മറ്റൊരു മലയാളി യുവതിയെ മരിച്ച യുവതിയുടെ ബന്ധുക്കള്‍ പിടിച്ച് പൊലീസില്‍ ഏര്‍പ്പിച്ചതാണ് കൂടി നിന്നവരെയും ഞെട്ടിച്ചത്.
കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ പുല്ലൂറ്റ്, ചാപ്പാറ പറൂക്കാരന്‍ ആന്റണിയുടെ ഭാര്യ ജിനി (30)യെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ബഹ്‌റൈനിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. എന്നാല്‍ ശനിയാഴ്ച വൈകിട്ടാണ് ജിനി മരിച്ച വിവരം നാട്ടിലുള്ള ബന്ധുക്കളും ഭര്‍ത്താവും അറിയുന്നത്. വിവരം അറിഞ്ഞ് ഖത്തറിലുള്ള ജിനിയുടെ ഭര്‍ത്താവ് ആന്റണി നാട്ടിലെത്തി.
പൊലീസ് കസ്റ്റഡിയില്‍ എടുത്ത ചാലക്കുടിക്കാരിയായ യുവതിയാണ് ആറു മാസം മുമ്പ് ജിനിയെ ഗള്‍ഫിലേക്ക് കൊണ്ടു പോയത്. ബ്യൂട്ടീഷനായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഈ യുവതിയ ജിനിയെ ബഹ്‌റനില്‍ എത്തിച്ചത്. എന്നാല്‍ പറഞ്ഞ ജോലിയല്ല ജിനിക്ക് നല്‍കിയതെന്നും മറ്റൊരു ജോലിക്ക് പോകണമെന്നാവശ്യപ്പെട്ട് ഈ സ്ത്രീ പലപ്പോഴും പീഡിപ്പിക്കുകയും മറ്റും ചെയ്യാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം ജിനി മരിച്ചതു മുതല്‍ ഈ സ്ത്രീയാണ് എല്ലാ സഹായങ്ങളുമായി ഒപ്പം നിന്നത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ഇവര്‍ കൂടെ കയറുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ജിനി മരിക്കാന്‍ കാരണവും ഇവരാണെന്ന് കുടുംബം ആരോപിക്കുന്നു.
മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയശേഷം ഹൈദരാബാദിലേക്ക് പോകാനായിരുന്നു ചാലക്കുടി സ്വദേശിനിയുടെ ശ്രമം. എന്നാല്‍, ബന്ധുക്കള്‍ നയത്തില്‍ ഇവരെ പുല്ലൂറ്റുള്ള ജിനിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. രോഷാകുലരായ വീട്ടുകാര്‍ ഇവരെ തടഞ്ഞുവെയ്ക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ., സിഐ പി.സി. ബിജുകുമാര്‍, എസ്.ഐ. ജിനേഷ് എന്നിവര്‍ സ്ഥലത്തെത്തുകയും ഇവരെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
വീട്ടുകാരുടെ മൊഴിപ്രകാരം പൊലീസ് കേസെടുത്തു. വിദേശത്ത് നടന്ന സംഭവമായതിനാല്‍ കൂടുതല്‍ അന്വഷണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments