ശബരിമല: ശബരിമലയിൽ കനത്ത സുരക്ഷ. സന്നിധാനത്ത് വിവിധ സുരക്ഷാസേനകള്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സംയുക്തമായി റൂട്ട്മാര്‍ച്ച് നടത്തി. സന്നിധാനം പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നാരംഭിച്ച റൂട്ട്മാര്‍ച്ച് മരക്കൂട്ടം, ശബരിപീഠം, ശരംകുത്തി റോഡുവഴി സന്നിധാനത്ത് സമാപിച്ചു. റൂട്ട്മാര്‍ച്ചില്‍ കേരളാപോലീസ്, ദ്രുതകര്‍മ്മസേന, എന്‍.ഡി.ആര്‍.എഫ് കമാന്‍ഡോകള്‍ അടങ്ങിയ സായുധ സേനാംഗങ്ങള്‍ അണിനിരന്നു.
ശബരിമലയിലും സമീപപ്രദേശങ്ങളിലും ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ നാലുതവണ നിരീക്ഷണ പറക്കല്‍ നടത്തി. തുടര്‍ന്ന് ആളില്ലാ വിമാനം ഉപയോഗിച്ചും നിരീക്ഷണം നടന്നു. പമ്പയിലും സന്നിധാനത്തും ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ശബരിമലയുടെ വിവിധഭാഗങ്ങളില്‍ സുരക്ഷാജോലിയില്‍ നിലവിലുള്ള സേനാബലത്തിന് പുറമേ കേരളാപോലിസിന്റെ നൂറ് കമാന്‍ഡോകളും 200 സേനാംഗങ്ങളും വ്യാപൃതരാണ്.
സന്നിധാനത്തെ പ്രവര്‍ത്തനരഹിതമായ എക്സ്റേ പരിശോധനാ സംവിധാനം മാറ്റി പുതിയത് സ്ഥാപിച്ചു. തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിനുള്ളില്‍ സംയുക്ത തിരച്ചില്‍ നടത്തി. പമ്പ, പരിസരപ്രദേശങ്ങള്‍, ചാലക്കയം ടോള്‍ഗേറ്റ്, നിലയ്ക്കല്‍ തുടങ്ങി മര്‍മ്മപ്രധാനവും തന്ത്രപ്രധാനവുമായ ഇടങ്ങളെല്ലാം സുരക്ഷാസേനാംഗങ്ങളുടെ നിരീക്ഷണ വലയത്തിലാണ്.
Post Your Comments