തിരുവന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാന്‍ വൈകിയത് കേന്ദ്രകാലാവസ്ഥ വകുപ്പെന്ന് പുതിയ റിപ്പോർട്ട്. കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത് നവംബര്‍ 30 ന് ഉച്ചക്ക് മാത്രമെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്ത് വന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഫാക്‌സ് സന്ദേശം 30 ന് ഉച്ചക്ക് 12 നാണ് സംസ്ഥാന സര്‍ക്കാരിന് വരുന്നത്.
പുറത്തുവന്ന ഫാക്‌സ് സന്ദേശങ്ങള്‍ നേരത്തെ തന്നെ സംസ്ഥാനത്ത് ചുഴലി മുന്നറിയിപ്പ് നല്‍കിയെന്ന വാദം തെറ്റന്ന് ശരിവയ്ക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന് 28 ന് തന്നെ ഓഖി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഇത് വേണ്ടത്ര ഗൗനിക്കാതിരുന്നതുമാണ് സംസ്ഥാനത്ത് ഓഖി ചുഴലിയുടെ വ്യാപ്തിയും ദുരന്തവും കൂട്ടിയതെന്നായിരുന്നു വാദം.
എന്നാല്‍ ചുഴലി മുന്നറിയിപ്പ് 30 ന് മാത്രമാണ് കിട്ടിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവന്ന രേഖകള്‍.
സമുദ്രത്തില്‍ വലിയ തിരമാലകള്‍ ഉണ്ടാകുമെന്ന് മാത്രമാണ് നവംബര്‍ 29 ന് ഉച്ചക്ക് രണ്ടുമണിക്ക് ശേഷം കേന്ദ്രകാലാവസ്ഥ വകുപ്പും സമുദ്രഗവേണഷ കേന്ദ്രവും നല്‍കിയ ഫാക്‌സ് സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സന്ദേശത്തില്‍ ആരും കടലില്‍ പോകരുതെന്ന് മാത്രമാണ് പറയുന്നത്. പിന്നീട് 30 ന് രാവിലെ നല്‍കിയ ഫാക്‌സ് സന്ദേശത്തിലും സമാനമായ മുന്നറിയിപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്.
Post Your Comments