Latest NewsNewsIndia

പാകിസ്ഥാനി പെണ്‍കുട്ടിയുമായി പ്രണയം : പാക് ജയിലില്‍ കഴിയുന്ന മകനെ വിട്ടുകിട്ടണമെന്ന് അമ്മയുടെ അഭ്യര്‍ത്ഥന

ലാഹോര്‍: പ്രണയത്തിന് ദേശയും ഭാഷയുമില്ല. പാകിസ്ഥാനി പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് ഇന്ത്യന്‍ യുവാവിന് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഫെയ്‌സ്ബുക്ക് സൗഹൃദം പ്രണയമായപ്പോള്‍ മുംബൈ സ്വദേശിയായ യുവാവ് പാകിസ്ഥാനിലേയ്ക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ വിസ നിഷേധിച്ചതോടെ അഫ്ഗാന്‍ അതിര്‍ത്തി വഴി പാകിസ്ഥാനിലെത്തിയ യുവാവിനെ രേഖകളില്ലാതെ അതിര്‍ത്തികടന്നതിന് ജയിലടക്കുകയായിരുന്നു.

ജയിലിലായ മകനെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ പ്രസിഡന്റിനോട് അമ്മയുടെ അഭ്യര്‍ഥന. മുംെബെ സ്വദേശിനി ഫൗസിയയാണ് തന്റെ മകന്‍ ഹമീദ് അന്‍സാരിക്കു ശിക്ഷായിളവ് യാചിച്ച് പാക് പ്രസിഡന്റ് മംനൂണ്‍ ഹുസൈനു കത്തെഴുതിയത്. പിതാവ് തന്റെ വിവാഹത്തിനുള്ള തയാറെടുപ്പിലാണെന്നു പെണ്‍കുട്ടി അറിയിച്ചതോടെയാണ് എന്‍ജിനീയറായ അന്‍സാരി സാഹസികമായി അതിര്‍ത്തി കടന്നത്.
പാക് വിസ നിഷേധിക്കപ്പെട്ടതോടെ മുംെബെയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കു കടന്നു. പാകിസ്ഥാനിലേക്കു നുഴഞ്ഞുകയറിയ അന്‍സാരി കോഹട്ടിലെ ഹോട്ടലില്‍നിന്ന് 2012 നവംബര്‍ 14-നു പിടിയിലായി.

ചാരക്കുറ്റം ചുമത്തി പാക് പട്ടാളക്കോടതി 2015 ഡിസംബര്‍ 15-ന് മൂന്നു വര്‍ഷം കഠിനതടവ് വിധിച്ചു. ഈ കാലാവധി തീരാന്‍ ഒരു വര്‍ഷം ശേഷിക്കെയാണു കരുണ തേടി ഫൗസിയ പാക് പ്രസിഡന്റിനു കത്തെഴുതിയത്. ശിക്ഷ വിധിക്കപ്പെടുന്നതിനു മുമ്പ് ജയിലില്‍കിടന്ന കാലം കൂടി ശിക്ഷയായി കണക്കാക്കി മോചിപ്പിക്കണമെന്നാണ് അഭ്യര്‍ഥന.

ഗുരുതരമായ കുറ്റങ്ങള്‍ ചെയ്ത വിദേശീയര്‍ക്കു പോലും ഇളവ് നല്‍കിയ ചരിത്രം പാകിസ്ഥാനുണ്ടെന്നും അന്‍സാരിയെ വിട്ടയയ്ക്കുന്നത് ഇന്ത്യന്‍ ജയിലുകളിലെ പാകിസ്ഥാന്‍കാരുടെ മോചനത്തിനു സഹായകമാകുമെന്നും കത്തില്‍ ഫൗസിയ ചൂണ്ടിക്കാട്ടുന്നു. അന്‍സാരിയുടെയും സ്‌നേഹിച്ച പെണ്‍കുട്ടിയുടെയും കഥ പുറംലോകത്തെത്തിക്കുകയും അവരുടെ മനുഷ്യാവകാശത്തിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്തതോടെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പത്രപ്രവര്‍ത്തക സീനത്ത് ഷഹ്‌സാദിയെപ്പറ്റി ഇനിയും വിവരം ലഭിച്ചിട്ടില്ല. രണ്ടു വര്‍ഷത്തോളം അജ്ഞാതരുടെ തടവില്‍ കഴിഞ്ഞതിനു ശേഷം കഴിഞ്ഞ ഒക്ടോബറില്‍ തിരിച്ചെത്തിയ ഷഹ്‌സാദിയെ വീണ്ടും കാണാതാകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button