ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ നാനൂറിലധികം ഇന്ത്യക്കാര്‍ ജയിലില്‍ തടവില്‍ കഴിയുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ നിന്നാണ് പുതിയ വിവരം ലഭ്യമായത്. മുന്നൂറ്റി അമ്പത്തഞ്ച് മത്സ്യത്തൊഴിലാളികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെടെ നാനൂറ്റിയഞ്ച് ഇന്ത്യക്കാരാണ് പാകിസ്ഥാന്‍ ജയിലില്‍ തടവില്‍ കഴിയുന്നത്.
2015 ജൂലൈ വരെയുള്ള ഇന്ത്യക്കാരുടെ വിവരമാണ് ഇതിലുള്ളത്. ഇന്ത്യ -പാക് സൗഹൃദത്തിന്റെ ഭാഗമായി നല്‍കിയ വിവരാവകാശ അപേക്ഷയിലൂടെയാണ് പട്ടിക ലഭ്യമായത്. ഇരുരാജ്യങ്ങളും തടവുകാരുടെ വിവരങ്ങള്‍ കൈമാറും എന്ന 2008 ലെ ഒരു കരാര്‍ പ്രകാരമാണ് വിവരാവകാശ സംഘടനാ അധികൃതര്‍ അപേക്ഷ നല്‍കിയത്. ഇരു സര്‍ക്കാരുകളും ഇത്തരം വിവരങ്ങള്‍ പുറത്തുവിടണമെന്നും അങ്ങനെയായാല്‍ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തന്നെ കഴിയേണ്ടി വരുന്ന അവസ്ഥ തടവുകാര്‍ക്കുണ്ടാകില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിന്റെ ഭാഗമായി രണ്ടിടത്തുമുള്ള എന്‍.ജി.ഒകള്‍ നടത്തിയ സംയുക്തമായ നീക്കങ്ങളിലൂടെയാണ് പാക് ജയിലിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമായതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2014ല്‍ ഇത്തരം ഒരു പട്ടിക പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ സംഘടന സുതാര്യത വര്‍ദ്ധിപ്പിക്കാനായുള്ള നടപടികള്‍ വീണ്ടും തുടരുകയായിരുന്നു. ഉറ്റവര്‍ ജയിലില്‍ തടവിലാണെന്ന് അറിയാതെ കഴിയുന്ന, തടവുകാരുടെ കുടുംബങ്ങളെ സഹായിക്കാനാണ് ഇത്തരം ഒരു നടപടിയെന്ന് സംഘടനയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
Post Your Comments