ലണ്ടന്‍: വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്യയെ ഇന്ത്യയിലേക്ക് വിട്ടുകിട്ടണമെന്നും മല്യയെ പാര്‍പ്പിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയില്‍ തയാറാണെന്നും ഇന്ത്യയ്ക്കുവേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് (സിപിഎസ്) കോടതിയെ അറിയിക്കും.
ഇന്ത്യന്‍ ജയിലുകള്‍ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമുള്ള മല്യയുടെ വാദത്തെ മറികടക്കാനാണ് ആര്‍തര്‍ റോഡ് ജയിലിലെ മികവുറ്റ സുരക്ഷാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ വാദിക്കാനൊരുങ്ങുന്നത്. അതേസമയം, ബ്രിട്ടനിലെ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകയായ ക്ലെയര്‍ മോണ്ട്ഗോമെറിയാണ് മല്ല്യയ്ക്ക് വേണ്ടി ഹാജരാകുക. ചീഫ് മജിസ്ട്രേറ്റ് എമ്മ ലൂയിസ് ആര്‍ബുത്നോട്ടാണ് വാദം കേള്‍ക്കുന്നത്.
എട്ട് ദിവസം കൊണ്ടാണ് വാദം പൂര്‍ത്തിയാകുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിധിയുണ്ടാകുമെന്നാണ് ഇതുവരെയുള്ള നിഗമനം. വിധി മല്യയ്ക്ക് എതിരായാല്‍ രണ്ടുമാസത്തിനകം മല്യയെ ഇന്ത്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും. എന്നാല്‍, മല്യയ്ക്ക് അപ്പീലിന് അവസരമുണ്ട്. ആ അപ്പീലും തള്ളിയാല്‍ മാത്രമേ അന്തിമ വിധി അറിയാന്‍ കഴിയു.
Post Your Comments