ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്‍ പ്രദ്യുമ്‌നന്റെ പിതാവ് വരുണ്‍ ഥാക്കൂറാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
സെപ്തംബര്‍ 8നാണ് പ്രദ്യുമ്‌നനെ സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേ സ്‌കൂളിലെ തന്നെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ ബസ് ജീവനക്കാരനായിരുന്നു കുറ്റവാളിയെന്ന് ആദ്യം പോലീസ് സംശയിച്ചിരുന്നു. സിബിഐ അന്വേഷണത്തില്‍ അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു.
പ്രദ്യുമ്‌നന്റെ മരണശേഷം സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. നാലു വയസ്സുകാരിയെ അധ്യാപകര്‍ പീഡിപ്പിച്ചതായ വാര്‍ത്ത രണ്ടിടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2015ല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 94,172 ആണ്. 2014ല്‍ ഇത് 89,423 ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് ഉണ്ടായ വര്‍ധന 5.3 ശതമാനമാണ്. മഹാരാഷ്ട്രയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ കണക്കില്‍ മുന്നിലുള്ളത്.
Post Your Comments