ഗാന്ധിനഗര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പാകുന്ന വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ക്കും പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനും യാത്രയ്ക്കായി കാളവണ്ടി ഉപയോഗിക്കാമെന്നും നരേന്ദ്രമോദി പറഞ്ഞു.
ബറൂച്ചിലൂടെ കടന്നു പോകുന്ന അഹമ്മദാബാദ്- ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ജപ്പാന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഈ പദ്ധതി പൂര്‍ത്തിയായാല്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ സഞ്ചാരം സാധ്യമാകുന്നതിനൊപ്പം കൂടുതല്‍ തൊഴില്‍ അവസരങ്ങളും ലഭിക്കും. ഞങ്ങളുടെ കഴിവിന് അനുസരിച്ചുള്ള കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ക്ക് സാധിക്കുന്നതുപോലെ നിങ്ങള്‍ക്കും ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപനം നടത്തിയ പദ്ധതികളൊന്നും തന്നെ നടപ്പാക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് കോണ്‍ഗ്രസ്സ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബറൂച്ചിന് സമീപം അമോദില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments