തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിൽ പെട്ടു നിയന്ത്രണം വിട്ട കേരളത്തിലെ മൽസ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഇറാൻ, ഒമാൻ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ. നാവിക, വ്യോമ, തീരസേനകളുടെ സംയുക്ത തിരച്ചിൽ ഈ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചേക്കും. കാറ്റിന്റെ ദിശ വിലയിരുത്തിയാണ് അധികൃതര്‍ ഈ നിഗമനത്തില്‍ എത്തിയിരുക്കുന്നത്. ചുഴലിക്കാറ്റിന്റെ ദിശയ്ക്കനുസരിച്ചു കടലൊഴുക്കിന്റെ ഗതിയും മാറിയിട്ടുണ്ട്. കന്യാകുമാരി ഉൾപ്പെടെ മേഖലകളിൽനിന്നുള്ള പല മൽസ്യത്തൊഴിലാളികളും കേരളത്തിന്റെ തീരത്ത് എത്തിയതും കേരളത്തിന്റെ വടക്കൻ ജില്ലയിൽനിന്ന് ആഴക്കടലിലേക്കു പോയവർ മഹാരാഷ്ട്ര തീരത്തെത്തിയതും ഈ കാറ്റിൽപെട്ടാണ്.
ചുഴലിക്കാറ്റുണ്ടായ 30 മുതൽ കടലിലെ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറു കേന്ദ്രീകരിച്ചാണ്. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് ഇന്നലെ സേനകൾ 100 മൈൽ അകലെവരെ തിരച്ചിൽ നടത്തി. ലക്ഷദ്വീപിന് അപ്പുറം വരെ ഹെലികോപ്റ്ററിൽ തിരച്ചിൽ നീണ്ടു. പതിറ്റാണ്ടുകളോളം കടലിൽ പോയി പരിചയമുള്ള മൽസ്യത്തൊഴിലാളികളും ഈ വിവരം അധികൃതരുമായി പങ്കുവച്ചിരുന്നു. മീൻപിടിത്ത ബോട്ടുകൾ കാറ്റിന്റെ ദിശയിൽ ഏറെദൂരം പോകാൻ സാധ്യതയുള്ളതിനാൽ ഇനി സാധാരണ ബോട്ടുകളിൽ തിരച്ചിൽ നടത്തിയിട്ടു കാര്യമായ ഫലമില്ലെന്നും അവർ പറയുന്നു. ഇതുകൂടി കണക്കിലെടുത്താണു തിരച്ചിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കു പുറത്തേക്കു വ്യാപിപ്പിക്കുന്നത്.
Post Your Comments