KeralaLatest NewsNews

തണുത്ത് വിറച്ച വൃദ്ധനു സ്വന്തം ഉടുപ്പൂരിക്കൊടുത്ത ശേഷം കടലില്‍ മാഞ്ഞു പോയ ബാലനെ കാത്ത് പ്രാര്‍ത്ഥനയോടെ കരയിലെ ജനങ്ങള്‍

തിരുവനന്തപുരം: തണുത്ത് വിറച്ച വൃദ്ധനു സ്വന്തം ഉടുപ്പൂരിക്കൊടുത്ത ശേഷം കടലില്‍ മാഞ്ഞു പോയ ബാലനെ കാത്ത് പ്രാര്‍ത്ഥനയോടെ കരയിലെ ജനങ്ങള്‍. തിരുവനന്തപുരം പൂന്തുറ തീരത്തെ നിവാസികളാണ്‌ 16 കാരനായ ബാലനെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നത്. പൂന്തുറയില്‍ നിന്നും കടലിലേക്ക് പോയ 90 മത്സ്യത്തൊഴിലാളികളുടെ കൂടെയാണ് വിനേഷ് എന്ന 16 കാരനും പോയത് .

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് തിരകള്‍ ബോട്ടിനെ മറിച്ചിട്ടു. അന്നേരവും ആ ബോട്ടില്‍ കരങ്ങള്‍ കോര്‍ത്ത് ഇരുന്ന മൂവരില്‍ ഒരാള്‍ വിനേഷ് ആയിരുന്നു. ബോട്ടിലെ പ്രായം കൂടിയ വ്യക്തിയായ മുത്തപ്പന്‍ തണുത്ത് വിറച്ചു ഇരിക്കുന്നത് കണ്ട്‌ വിനേഷ് സ്വന്തം ഉടുപ്പൂരിക്കൊടുത്തു. അണ്ണാ, അണ്ണനു പ്രായമായില്ലേ, എനിക്കെന്തിനാ ഷര്‍ട്ട്?’ എന്നു പറഞ്ഞാണ് വിനേഷ് ഷര്‍ട്ട് ഊരി നല്‍കിയത്. പിന്നാലെ തിരയില്‍ വിനേഷിനെ കാണാതായി.

വിനേഷിന്റെ അച്ഛന്‍ വിന്‍സെന്റ് കിഡ്‌നി രോഗിയാണ്. അച്ഛന്റെ രോഗമാണ് ചെറുപ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനായി വിനേഷിനെ പ്രേരിപ്പിച്ചത്. 14 ാമത്തെ വയസു മുതല്‍ വിനേഷ് കടലില്‍ പോകുന്നുണ്ട്. കടലില്‍ പോയ മത്സ്യത്തൊഴിലാളികളില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് വിനേഷ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button