
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് താണ്ഡവമാടുമ്പോൾ ജനങ്ങളെ കടലിനു വിട്ടുകൊടുത്തത് ആരെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം ഏഴായി. മണിക്കൂറുകള്‍ നീണ്ട രക്ഷ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് കടലില്‍ കുടുങ്ങിപ്പോയ മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരേയും തിരിച്ചെത്തിക്കാനായത്. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങള്‍ കൈമാറുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് 48 മണിക്കൂര്‍ മുന്‍പുതന്നെ വിവരങ്ങള്‍ കൈമാറുന്നുണ്ട്.
ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫർമേഷന്‍ സര്‍വീസ് അടക്കമുള്ള സ്ഥാപനങ്ങളും കൃത്യമായ വിവരം കൈമാറുന്നു.പ്രാദേശികതലത്തില്‍ ഡാറ്റ വിതരണത്തിലെ കാലതാമസമാണ് പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. കേരളത്തില്‍ സംഭവിച്ചതും ഇതുതന്നെ. വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കു പറയാനുള്ളത് അവഗണനയുടെ കാര്യമാണ്. ‘ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന ഒരു അറിയിപ്പും മത്സ്യത്തൊഴിലാളികള്‍ക്കു ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി നേതാവ് പീറ്റര്‍ പറയുന്നു.‘ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളായതിനാല്‍ എന്തും കാണിക്കാമെന്ന ഭാവമാണ് ഉദ്യോഗസ്ഥര്‍ക്ക്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കും. ശക്തമായി പ്രതികരിക്കും’ – പീറ്റര്‍ വ്യക്തമാക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കു മാധ്യമങ്ങളിലൂടെ മുന്നറിയിപ്പു ലഭിച്ചിട്ടു കാര്യമില്ലെന്നും അറിയിപ്പുകള്‍ കൈമാറാന്‍ കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. റജിസ്ട്രേഷന്‍ ചെയ്യാന്‍ വിമുഖത കാട്ടുന്നതായ പ്രചാരണങ്ങള്‍ ശരിയല്ലെന്നാണ് അവരുടെ വാദം.തെക്കന്‍ കേരളത്തില്‍ കനത്ത നാശമാണ് ഓഖി ചുഴലിക്കാറ്റ് വിതച്ചത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് കടലില്‍ കുടുങ്ങിപ്പോയ ത് 200ലേറെ മത്സ്യത്തൊഴിലാളികള്‍. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇവരില്‍ ഭൂരിഭാഗം പേരെയും രക്ഷിക്കാനായി. പലരെയും തണുത്ത് മരവിച്ച അവസ്ഥയിലാണ് കരക്കെത്തിച്ചത്. വ്യോമ-നാവിക സേനയുടേയും കോസ്റ്റ് ഗാര്‍ഡിന്‍റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചു കേന്ദ്ര ഏജന്‍സികളില്‍നിന്നു വ്യക്തമായ മുന്നറിയിപ്പു ലഭിച്ചിട്ടും കേരളം ജനങ്ങളുടെ ജീവന്‍ പന്താടി. കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ചപറ്റിയെന്നു സംസ്ഥാനസര്‍ക്കാര്‍തന്നെ പരോക്ഷമായി സമ്മതിച്ചു. ചുഴലിക്കാറ്റ് സംബന്ധിച്ചു കൃത്യമായ അറിയിപ്പു ലഭിച്ചിട്ടും മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നതില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുണ്ടായ വീഴ്ചയാണു നൂറുകണക്കിനുപേര്‍ ഇപ്പോഴും കടലില്‍ കുടുങ്ങിക്കിടക്കാന്‍ കാരണം.
Post Your Comments