കോട്ടയം: കേരളത്തില്‍ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നു കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസത്തേയ്ക്ക് ആവശ്യമെങ്കില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം പ്രവര്‍ത്തിപ്പിക്കരുതെന്ന് അടിയന്തിര നിര്‍ദ്ദേശം നല്‍കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച അടിയന്തിര സര്‍ക്കുലറില്‍ പറയുന്നു.
പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് നല്‍കിയ നിവേദനത്തെത്തുടര്‍ന്നു മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കാലാവസ്ഥ പ്രശ്‌നം മൂലം വൈദ്യുതി, മരം, ഇടിമിന്നല്‍ തുടങ്ങിയവമൂലം അപകട സാധ്യത വര്‍ദ്ധിക്കാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും അടിയന്തിര സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്.
ജില്ലാ ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ വിഭാഗവുമായി കൂടി ആലോചിച്ച് തീരുമാനങ്ങള്‍ കൈകൊള്ളാമെന്നും അറിയിപ്പില്‍ പറയുന്നു.
Post Your Comments