ശബരിമല: പന്തള കുമാരൻ അയ്യപ്പന് ദിവസവും ലഭിക്കുന്നത് നിരവധി ക്ഷണക്കത്തുകൾ. നിത്യ ബ്രഹ്മചാരിയാണെങ്കിലും അയ്യപ്പസ്വാമിക്ക് ഒട്ടേറെ വിവാഹ ക്ഷണക്കത്തുകളും ലഭിക്കാറുണ്ട്. പ്രണയസാഫല്യത്തിനായി അയ്യന്റെ കടാക്ഷം ഉണ്ടാകണമെന്ന പ്രാർഥനയുമായി കത്തുകൾ അയയ്ക്കുന്നവരും കുറവല്ല. കൂടാതെ ഉദ്ദിഷ്ടകാര്യം സാധിച്ചതിനുള്ള നന്ദിപ്രകടനം, ഗൃഹ പ്രവേശനത്തിനുള്ള ക്ഷണം, തുടങ്ങി വൈവിധ്യമാർന്ന കത്തുകളാണ് സന്നിധാനത്തെ തപാൽ ഓഫിസ് വഴി ദിവസവും ദേവസ്വത്തിന് ലഭിക്കുന്നത്.
സന്നിധാനത്തെ പോസ്റ്റ് ഓഫിസിൽ അയ്യപ്പസ്വാമിയുടെ പേരിൽ ഇന്നലെ വരെ മണിഓർഡറായി ലഭിച്ചത് 19,104 രൂപയാണ്.മണിഓർഡറുകളുടെ തുക അതത് ദിവസം തന്നെ എക്സിക്യൂട്ടീവ് ഓഫിസർക്ക് പോസ്റ്റ് മാസ്റ്റർ കൈമാറും. ദേവസ്വം ഭണ്ഡാരത്തിലും ഒട്ടേറെ കത്തുകൾ ലഭിക്കുന്നുണ്ട്.കല്യാണക്കുറികൾ ശ്രീകോവിലിൽ കൊണ്ടുപോയി അയ്യപ്പ വിഗ്രഹത്തിനോടു ചേർത്തുവച്ച് പൂജിച്ചു വാങ്ങി കൊണ്ടുപോകും.
കൂടാതെ മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം തീർഥാടകർ അവരുടെ വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് അയ്യപ്പ സ്വാമിയെ ക്ഷണിച്ചുകൊണ്ടുള്ള കാർഡുകളും സമർപ്പിക്കുന്നുണ്ട്. അവരുടെ ലാഭവിഹിതത്തിന്റെ ഒരുഭാഗം അയ്യപ്പനു സമർപ്പിക്കാറുമുണ്ട്.
Post Your Comments