Latest NewsEditorialSpecials

പ്രതിപക്ഷങ്ങളുടെ വാക്കുകള്‍ കേവലം അധര വ്യായാമമായി മാറിയ യുപി തിരഞ്ഞെടുപ്പ് മുന്നേറ്റം നല്‍കുന്ന സൂചനകള്‍

ഏതൊരു തിരഞ്ഞെടുപ്പും നിലവിലെ അധികാര ഭരണ അനുകൂല വിരുദ്ധ ഫലങ്ങള്‍ പ്രതിഫലിപ്പിക്കും. അങ്ങനെ നോക്കുകയാണെങ്കില്‍ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഭരണത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്ന് മനസിലാക്കാം. അതാണ്‌ യു പി നഗരസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം സമ്മാനിച്ചത്. കേന്ദ്രത്തിന്റെ മാത്രമല്ല, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. അതുകൊണ്ട് തന്നെ ബിജെപിയുടെ വിജയം ഭരണ അനുകൂല തരംഗമാണ് കാണിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം പൂര്‍ത്തിയായില്ലെങ്കിലും സംസ്ഥാനത്തെ ആകെയുള്ള 652 മുനിസിപ്പാലിറ്റി-നഗരപഞ്ചായത്തുകളില്‍ ഭൂരിഭാഗം സീറ്റുകളിലും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. ആകെയുള്ള 16 നഗരസഭകളില്‍ 14 ഇടത്ത് ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ രണ്ടിടത്ത് ബി.എസ്.പി. ജയം സ്വന്തമാക്കി. യുപിയിൽ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയ ആം ആദ്മി പാർട്ടിക്കും വലിയ വിജയങ്ങൾ നേടാനായില്ല. മുനിസിപ്പൽ കോർപ്പറേഷനിൽ മൂന്ന് സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാൻ കഴിഞ്ഞത് . മുൻസിപ്പാലിറ്റി കൗൺസിലിൽ 13 ഉം പഞ്ചായത്തുകളിൽ 18 ഉം സീറ്റുകൾ ആം ആദ്മി പാർട്ടിക്ക് ലഭിച്ചു. അതേസമയം സിപിഐക്ക് ഇതുവരെ ഏഴ് മുനിസിപ്പൽ കൗൺസിൽ സീറ്റുകൾ ലഭിച്ചിട്ടുണ്ട്. ഒരു മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റും സിപിഐക്ക് ലഭിച്ചു

ഗുജറാത്ത് പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ രാഹുൽ ഗാന്ധിക്ക് സ്വന്തം തട്ടകത്തിൽ നിന്നും തിരിച്ചടി കിട്ടിയിരിക്കുകയാണ്. അമേഠിയിൽ ബിജെപിയുടെ സ്ഥാനാർഥിയായ ചന്ദ്രമാ ദേവി 1035 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ സമയത്ത് സ്വന്തം മണ്ഡലത്തിൽ പോലും കോൺഗ്രസ്സ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ കഴിയാത്ത രാഹുൽ ഗാന്ധി കോൺഗ്രസ്സ് അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നതിലും പാർട്ടിക്കുള്ളിൽ ആശങ്കയുണ്ട്. വർഷങ്ങളായി കോൺഗ്രസ്സിന്റെ കൈകളിലായിരുന്ന അമേഠി മാത്രമല്ല ടില്ലോയ്,ജഗദീഷ്പൂർ,ഗൗരീഗഞ്ജ്,സലോൺ എന്നീ മണ്ഡലങ്ങളും കോൺഗ്രസ്സിനെ കൈവിട്ടു. കോൺഗ്രസ്സിനെതിരെയുള്ള ജനവികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് വ്യക്തമാകും. അമേഠി മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ പരാജയം കോണ്ഗ്രസ് അര്‍ഹിക്കുന്നതാണ്. കാരണം ജനങ്ങളെ എന്നും വിഡ്ഢികള്‍ ആക്കാന്‍ ആര്‍ക്കും കഴിയില്ല.

കേന്ദ്ര സർക്കാർ കൊണ്ടു വന്ന സാമ്പത്തിക പരിഷ്‍കരണത്തിന് സംസ്ഥാനത്തെ ജനങ്ങൾ നൽകുന്ന പിന്തുണയാണ് ബിജെപിയുടെ മുന്നേറ്റത്തിന് കാരണം. കളളപ്പണം തടയാൻ പഴയ നോട്ടുകൾ പിൻവലിച്ച നടപടി നല്ല നീക്കമാണ് എന്നാണ് ഉത്തർപ്രദേശിലെ 65 ശതമാനം ജനങ്ങളുടെയും അഭിപ്രായം. നോട്ട് നിരോധനവും, ജിഎസ്ടിയുമെല്ലാം മോദി ഗവണ്മെന്റിന്റെ ചരിത്ര തീരുമാനം ആയി നില്‍ക്കുമ്പോള്‍ ലോക രാഷ്ട്രങ്ങള്‍ അതിനെ അംഗീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഒരു കൂട്ടം മോദി വിരുദ്ധര്‍ മാത്രം അതിനെ മുടക്ക് ന്യായങ്ങള്‍ പറഞ്ഞു എതിര്‍ക്കുന്നത്. കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കുട പിടിക്കുന്ന അഴിമതിനിറഞ്ഞ ഭരണരാഷ്ട്രീയ കര്‍ത്താക്കളാണ് ഇവരില്‍ പലരും. അതുകൊണ്ട് തന്നെ എന്നും എപ്പോഴും ഇത്തരക്കാരുടെ വാക്കുകള്‍ക്ക് ജനം ചെവി കൊടുക്കില്ല. അതിനു തെളിവാണ് ബിജെപിയുടെ ഈ മുന്നേറ്റം. എല്ലാവരും മോഡിയെ കുറ്റം പറയാന്‍ ആദ്യം നിരത്തിയത് നോട്ട് നിരോധനവും, ജിഎസ്ടിയുമായിരുന്നു. എന്നാല്‍ ഇത് രണ്ടും തന്നെ ബിജെപിയുടെ വിജയവും. കാരണം ഇത്രയും ശക്തമായ ഒരു തീരുമാനം ഇതിനു മുന്‍പുള്ള ഒരു ഗവണ്‍മെന്റിനും കൊണ്ടുവരാന്‍ സാധിച്ചില്ല. കള്ളപ്പണക്കാര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്ന കൊള്ള രാഷ്ട്രീയത്തിന് മോഡിയുടെ ഈ നയം തിരിച്ചടിയായി മാറി. അതിന്റെ ദേഷ്യമാണ് ഈ എതിര്‍പ്പിനു പിന്നിലെന്ന് തലയ്ക്ക് വെളിവുള്ള ഏതൊരാള്‍ക്കും മനസിലാകും. തങ്ങള്‍ക്ക് അനുകൂലമാകും എന്ന പേരില്‍ ഈ ചരിത്ര തീരുമാനങ്ങളെ അവര്‍ എതിര്‍ക്കുമ്പോള്‍ ജനം ശരിയേതെന്ന് ചിന്തിക്കുക സ്വാഭാവികം. അതുകൊണ്ട് ദേശീയ ഭരണ വിരുദ്ധ വികാരം വളര്‍ത്താനുള്ള ശ്രമം അവരുടെ തന്നെ കുഴി തോണ്ടുകയാണ് ചെയ്തത്.

അതേ സമയം, രാഷ്ട്രീയ നാടകങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞ് നിന്ന സമാജ്‍വാദി പാർട്ടിക്കും കോൺഗ്രസിനും സഖ്യത്തിലായിട്ട് പോലും നഷ്ടമേ ഉളളൂ. 2012ൽ ഇരുപാർട്ടികളും നേടിയതിനേക്കാൾ സീറ്റുകള്‍ കുറവായിരിക്കും ഇത്തവണ ഈ സഖ്യത്തിന് ലഭിക്കുക. ജാതി രാഷ്ട്രീയത്തിന്‍റെ ബലത്തിൽ പലകുറി ഉത്തർപ്രദേശ് ഭരിച്ച ബിഎസ്പിയുടെ ആ കുടില തന്ത്രം യോഗിയുടെ തട്ടകത്തില്‍ ഇനി നടക്കില്ല. ഭരണ പക്ഷത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യതതയാണ് ഇതിന്റെ പിന്നില്‍. സാധാരണക്കാരുടെ നന്മയ്ക്കായി മോദി ഗവണ്‍മെന്റ് കൊണ്ടുവരുന്ന പദ്ധതികള്‍ തിരിച്ചറിയുകയും അവയുടെ ഫലപ്രാപ്തി നേടുകയും അതായത് വികസനം പ്രകടന പത്രികയില്‍ മാത്രമല്ലെന്നും കര്‍ഷകന്‍ മുതല്‍ വ്യവസായി വരെ ഒരെ ഭരണത്തിന്റെ കീഴിലാണെന്നും തെളിയിച്ചു മുന്നേറുന്ന കേന്ദ്രത്തിനു യുപിയിലെ വിജയം പുതിയ അംഗീകാരമാണ്. ഉത്തര്‍ പ്രദേശില്‍ യോഗിയെ കരിവാരിത്തേയ്ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ശ്രമങ്ങള്‍ അവരുടെ വെറും അധരവ്യായാമമായി മാറിക്കഴിഞ്ഞു. ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരണപെട്ട സംഭവത്തില്‍ യോഗിയും ഭരണത്തെയും വിമര്‍ശിച്ചവര്‍ക്ക് ഈ തിരഞ്ഞെടുപ്പ് നല്‍കിയതുപോലെ മറ്റൊരു മികച്ച മറുപടിയില്ല. യുപിയില്‍ മോഡിയും ബിജെപിയും തീവ്ര ഹിന്ദുത്വ പ്രചരണം നടത്തി വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണം നടത്തിയെന്ന ആക്ഷേപം ഉണ്ടായിരുന്നു. കൂടാതെ ഒരൊറ്റ മുസ്ലീം വിശ്വാസിയെയും ബിജെപി സ്ഥാനാര്‍ഥി ആക്കിയില്ലെന്നതുമെല്ലാം തുറുപ്പു ചീട്ടാക്കിയ കോണ്ഗ്രസ്സിനു കാലിടറിയത് എന്തുകൊണ്ട്?

മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിക്ക് ഇതുവരെ 586 കൗൺസിലർമാരെ വിജയിപ്പിക്കാൻ കഴിഞ്ഞപ്പോൾ ബിഎസ്പി 147 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിനു ലഭിച്ചത് 106 സീറ്റുകളാണ് .അതേസമയം സമാജ് വാദി പാർട്ടി 195 സീറ്റുകളിൽ വിജയം നേടി. ബിജെപിക്ക് 60 മുൻസിപ്പൽ പ്രസിഡന്റ് സ്ഥാനം ലഭിച്ചപ്പോൾ എസ്പിക്ക് 39 ഉം ബിഎസ്പിക്ക് 26 ഉം പേരെ വിജയിപ്പിക്കാനായി .കോൺഗ്രസിന് 8 പേരെ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിപ്പിക്കാൻ കഴിഞ്ഞുള്ളൂ. മുൻസിപ്പാലിറ്റി കൗൺസിലിൽ 832 ഇടത്ത് ബിജെപി വിജയിച്ചു. അങ്ങനെ മികച്ച മുന്നേറ്റത്തോടെ യുപിയിലെ സാധാരണക്കാരും ദേശീയ ഭരണത്തെ അംഗീകരിച്ചു. ഉത്തർപ്രദേശിലെ തദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പിന്‍റെ ഫലം 2019 ലെ തിരഞ്ഞെടുപ്പും ബിജെപിയ്ക്ക് അനുകൂലമാണെന്ന സൂചനയാണ് നല്‍കുന്നത്. കൂടാതെ മറ്റൊന്ന് കൂടി ശ്രദ്ധിക്കണം. ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷം. ബിജെപിയുടെ മന്നേറ്റത്തെ ചെറുത്തുനിൽക്കാവുന്ന ഐക്യനിരയ്ക്കു രൂപംനൽകാവുന്ന അവസ്ഥയിലല്ല ഇന്നത്തെ പ്രതിപക്ഷം. അതുകൊണ്ട് തന്നെ ഈ നില തുടർന്നാൽ 2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button