Latest NewsKeralaNews

സംഹാരതാണ്ഡവമാടി ഓഖി : സംസ്ഥാനത്ത് കോടികളുടെ നഷ്ടം

 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടങ്ങളാണ് സംസ്ഥാനത്തും ലക്ഷദ്വീപിലും തമിഴ്‌നാട്ടിലും ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റ് ദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്.അറബിക്കടല്‍ പൂര്‍ണ്ണമായും പ്രക്ഷുബ്ധമാണ്. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപാഡ് വെള്ളത്തിനടിയിലായി. ബേപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടേണ്ട കപ്പലുകളും നിർത്തിവെച്ചു. വീടുകളിലെല്ലാം വെള്ളം കയറി. അന്‍പത്തിയാറു വീടുകള്‍ പൂര്‍ണമായും നശിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്നത് ഇടുക്കിയിലാണ്.

നാല് കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് വരെ മുന്നൂറോളം പേരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 679 വീടുകള്‍ ഭാഗീകമായി നശിച്ചു. ശുദ്ധജലവിതരണം നിലച്ചു. വാർത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്നതോടെ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് ലക്ഷദ്വീപ് . ദ്വീപിന്റെ തീരങ്ങളിൽ നേങ്കൂരമിട്ട മത്സ്യബന്ധന ബോട്ടുകളിൽ ഏറെയും വെള്ളത്തിലായി. അഞ്ച് ബോട്ട് തകർന്നു. തെങ്ങുകൾ വീണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൽപേനിയിലെ ഹെലിപ്പാഡും വെള്ളത്തിലായി.

വൈദ്യുതിബന്ധവും തകർന്നു. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി വന്ന രണ്ട് ഉരുക്കളിൽ ഒരെണ്ണം തീരത്ത് അടുത്തിട്ടുണ്ട്. ഒരെണ്ണത്തിന് അടുക്കാനായിട്ടില്ല. ബ്രേക്ക് വാട്ടര്‍ വാര്‍ഫും ഭാഗികമായി കടലെടുത്തു.ലക്ഷദ്വീപിലെ ലൈറ്റ് ഹൗസിന് കേടുപാടുണ്ടായി. 130 വര്‍ഷം പഴക്കമുള്ള മിനിക്കോയ് ലൈറ്റ് ഹൗസിന്റെ ജനാലകളും ഗ്ലാസുകളും അടര്‍ന്നു. രണ്ട് ഉരു മുങ്ങി. ഇതിലെ ആളുകളെ രക്ഷപെടുത്തി. മുന്‍ കരുതല്‍ എന്ന നിലയില്‍ ലക്ഷദ്വീപില്‍ വൈദ്യുതി താത്കാലികമായി വിച്ഛേദിച്ചിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്രശക്തി കൈവരിച്ച ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍ വീശുക എന്നാണ് മുന്നറിയിപ്പ്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ വീടുകള്‍ തകര്‍ന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഏത് അടിയന്തര ഘട്ടവും നേരിടാന്‍ സഞ്ജരാകാന്‍ സേനകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളതീരത്ത് വലിയ തിരമാലകള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 6.1 മീറ്റര്‍ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇതിനോടകം വന്നു കഴിഞ്ഞു. ലക്ഷദ്വീപില്‍ ഈ തിരമാല 7.1 മീറ്റര്‍ വരെയും ഉയര്‍ന്നേക്കും. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള എം.വി കവരത്തി, ബേപ്പൂരില്‍ നിന്നുള്ള എം.വി മിനിക്കോയി എന്നീ കപ്പലുകള്‍ യാത്ര റദ്ദാക്കി. 145 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗം പൊടുന്നനെ കൈവരിച്ചേക്കും. ഇതിലും ശക്തികൂടാനും സാധ്യതയുണ്ട്. വേഗം 221 കിലോമീറ്റര്‍ കടന്നാല്‍ സൂപ്പര്‍ ചുഴലിക്കാറ്റ് എന്നാണ് അറിയപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button