ലക്നൗ•യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം. മൊത്തം 652 വാര്‍ഡുകളില്‍ ലീഡ് നില അറിവായ 506 എണ്ണത്തില്‍ 203 ല്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നു. ആദ്യ ഘട്ടത്തില്‍ പിന്നോക്കം പോയ ബി.എസ്.പി 78 വാര്‍ഡുകളിലെ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്. സമാജ്‌വാദി പാര്‍ട്ടി 42 വാര്‍ഡുകളിലും കോണ്‍ഗ്രസ് 14 വാര്‍ഡുകളിലും മറ്റുള്ളവര്‍ 169 വാര്‍ഡുകളിലും ലീഡ് ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂര്‍, മഥുര, അലഹബാദ്, കാണ്‍പൂര്‍, ബറേലി, മൊറാദാബാദ്, ലക്നൗ,അയോധ്യ-ഫൈസാബാദ്, സഹാറന്‍പൂര്‍, ഗാസിയാബാദ്, ആഗ്ര, അലിഗഡ്, എന്നിവിടങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു.
ആഗ്ര, ഝാന്‍സി, മീററ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ബി.എസ്.പി ഫിറോസാബാദില്‍ ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീട് പിന്നോക്കം പോവുകയായിരുന്നു.
മഥുരയില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയിരുന്നുവെങ്കിലും ലീഡ് നിലനിര്‍ത്താനായില്ല.
16 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (നഗര്‍ നിഗം), 198 മുനിസിപ്പല്‍ കൌണ്‍സില്‍ (നഗര്‍ പാലിക പരിഷദ്), 438 നഗര്‍ പഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 79,113 സ്ഥാനാര്‍ഥികളാണ് ജനവിധി കാത്തിരിക്കുന്നത്.7 മണിക്കൂറിനകം ഫലം പൂര്‍ണമായി അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments