കോട്ടയം: ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് സംസ്ഥാനസര്‍ക്കാരിനും വനിതാകമ്മീഷനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്ത്. ഐഎസ് ചാരന്‍മാരാണ് സംസ്ഥാന വനിതാക്കമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയായിട്ടാണ് കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും സ്വീകരിച്ച നടപടികള്‍ ഇതിന് തെളിവാണെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
കൃഷ്ണദാസ് ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഒരേ ഭാഷയും ശൈലിയുമാണ് സംസ്ഥാന വനിതാകമ്മീഷന്റെയും ഐഎസ് നേതാക്കളുടെയും. കമ്മീഷന്‍ ഹാദിയ കേസില്‍ സ്വീകരിച്ച നടപടികള്‍ സംശയം ജനിപ്പിക്കുന്നതാണ്.
കപടമതേതരമുഖമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇനിമുതല്‍ അത്തരം പഴയ സമീപനമൊന്നും കേരളത്തില്‍ നടപ്പാകില്ല. സര്‍ക്കാര്‍ കേരളത്തില്‍ നടക്കുന്ന മതം മാറ്റങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തയാറാകണം. കേരളത്തിന്റെ സാമൂഹികരംഗത്ത് ഇത്തരം മതംമാറ്റങ്ങള്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും മത്സരിക്കുകയാണ്. കെപിസിസി നിര്‍ദേശ പ്രകാരമാണ് കപില്‍ സിബല്‍ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി ഹാജരായതെന്ന് കൃഷ്ണദാസ് ആരോപിച്ചു.
അതേസമയം, കൃഷ്ണദാസ് ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ ദേശീയ വനിതാക്കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. കേരളത്തിലെ ഹിന്ദു-ക്രൈസ്തവ കുടുംബങ്ങള്‍ ഐഎസില്‍ നിന്നും കടുത്ത ഭീഷണി നേരിടുകയാണെന്നും രാജ്യസുരക്ഷ അപകടത്തിലാണെന്നും കൃഷ്ണദാസ് പറഞ്ഞു. ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ഇതിന് കാരണമായി കൃഷ്ണദാസ് ചൂണ്ടിക്കാട്ടിയത്.
Post Your Comments