കോട്ടയം•കുമരകം കരിയിൽ ഭാഗത്തു അരുൺ കുമാറും കുടുംബവും മനസമാധാനത്തോടെ കിടന്നുറങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഉറങ്ങാന്‍ കിടന്നാലും രാത്രിയില്‍ ഭയാനകമായ ശബ്ദംകേട്ട് കുടുംബം ഞെട്ടിയുണരും. പിന്നെ ഭീതിയുടെ നിമിഷങ്ങളാണ്. ശബ്ദം കേള്‍ക്കുന്ന ഭഗത്ത് ആരെയും കാണാനില്ല എന്നതാണ് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നത്. വീട്ടുകാരുടെ പരാതിയില്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അരുണ്‍ കുമാറും കുടുംബവും മാതാവ ഓമനയുമാണ് കുമരകം കായലിന് സമീപത്തുള്ള വീട്ടില്‍ താമസിക്കുന്നത്. ഭിത്തികെട്ടി മുകളില്‍ ഷീറ്റിട്ടതാണ് ഈ വീട്. തൊട്ടടുത്തുള്ള ഷെഡില്‍ സഹോദരന്‍ സനീഷും കുടുംബവും താമസിക്കുന്നുണ്ട്. രാത്രി ഇവര്‍ അരുണിന്റെ വീട്ടിലാണ് കിടക്കുന്നത്. എല്ലാ ദിവസവും രാത്രി 12നും പുലർച്ചെ ആറിനും ഇടയിലാണ് ശബ്ദം കേൾക്കുന്നത്. വീടിന്റെ കതകിൽ നിന്നും മേൽക്കൂരയിൽ നിന്നും കേൾക്കുന്ന വലിയ ശബ്ദം 20 മിനിറ്റോളം നീണ്ടുനില്‍ക്കും. പക്ഷേ, ശബ്ദം കേൾക്കുന്ന ഭാഗത്ത് നോക്കിയാൽ ഒരു ജീവിയെപ്പോലും കാണാനില്ല എന്നതാണ് ഈ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്. ശബ്ദം കേള്‍ക്കുമ്പോള്‍ വീട്ടിലെ എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറും. ശബ്ദം അവസാനിച്ച ശേഷം മാത്രമേ എല്ലാവരും അവരവരുടെ മുറികളിലേക്ക് പോവുകയുള്ളൂ.
ഭയാനകമായ ശബ്ദം കേള്‍ക്കുന്നത് നിത്യസംഭവമായതോടെ ശബ്ദത്തിന്റെ ഉറവിടം കണ്ടുപിടിക്കാന്‍ പ്രദേശവാസികളായ ഒരു കൂട്ടം യുവാക്കള്‍ അരുണിന്റെ വീട്ടില്‍ കാവല്‍ കിടന്നു. പതിവ്പോലെ അര്‍ദ്ധരാത്രി കഴിഞ്ഞതോടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ഉടൻതന്നെ യുവാക്കൾ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ഒരീച്ചയെ പോലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഭയചികിതരായ യുവാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
ആദ്യമൊക്കെ ചെറിയ ശബ്ദമായിരുന്നു കേട്ടിരുന്നത്. പിന്നീട് ശബ്ദത്തിന്റെ തീവ്രത കൂടി വന്നു. കഴിഞ്ഞ ദിവസം വലിയ ശബ്ദം കേട്ടതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ടിപ്പർ ലോറിയിൽ നിന്ന് കല്ല് ഇറക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കേൾക്കുന്നതെന്ന് ഇവര്‍ പറയുന്നു. എല്ലാ ദിവസവും ഇതാവർത്തിച്ചതോടെയാണ് അരുൺകുമാർ പോലീസിൽ പരാതി നൽകിയത്.
Post Your Comments