Latest NewsParayathe VayyaPrathikarana VedhiSpecials

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; എപ്പോള്‍ എന്തു ചെയ്യണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും അറിയാത്ത സര്‍ക്കാരോ?

മഴ തകര്‍ത്ത് പെയ്യുന്നു. കേരളം കടുത്ത ആശങ്കയിൽ .. വിവിധ സ്ഥലങ്ങളില്‍ നിന്നുമായി കടലില്‍ പോയ 200 പേര്‍ ഇനിയും തിരിച്ചെത്തിയില്ല. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ ബോട്ടുകളിലും വള്ളങ്ങളിലും കടലില് പോയവരുമായുള്ള ആശയവിനിമയ ബന്ധവും നഷ്ടമായിരിക്കയാണ് . തീര സംരക്ഷണ സേനയും കോസ്റ്റ് ഗ്വാര്‍ഡും തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ എത്തുന്നില്ല. കേരളത്തില് നിന്ന് 18ഉം തമിഴ് നാട്ടില്‍ നിന്നും ഒരു ബോട്ടും കാണാതായതായി നാവിക സേന അറിയിച്ചു. അതേസമയം കൊല്ലത്ത് അഞ്ചുപേരും വിഴിഞ്ഞത്ത് അഞ്ചു പേരും തിരിച്ചെത്തി. കാറ്റും മഴയും മൂലം കടലില് ഭീകരാന്തരീക്ഷമാണെന്നും കന്നാസിലും മറ്റും പിടിച്ച് കടലില് പലരും പൊങ്ങിക്കിടക്കാന് ശ്രമിക്കുന്നതായും രക്ഷപ്പെട്ടവര് പറയുന്നു. വേളിക്ക് സമീപം ബോട്ട് കരക്കടിഞ്ഞു. ഇതിലുണ്ടായിരുന്നവരേക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തെ പൂന്തുറയില നിന്നുമാണ് കൂടുതല് പേരെ കാണാതായത്. വിഴിഞ്ഞത്തു നിന്ന് കടലില് പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര് വിമാനങ്ങളും ഇന്നലെ മുതല് തിരച്ചില് രംഗത്തുണ്ട്.

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട് ഈ കാലവസ്ഥ വ്യതിയാനത്തെക്കുറിച്ചു നേരത്തെ അറിയിക്കുകയും അതിനു വേണ്ട നടപടികള്‍ ആദ്യം തന്നെ കൈകൊള്ളൂകയും ചെയ്തിട്ടുണ്ട്. അവിടെ നാലുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയതായി ആരോപണം. ഓഖി ചുഴലിക്കാറ്റിന്റെ വരവ് നേരത്തെ അറിഞ്ഞുവെങ്കിലും പുറത്തു പറയാതെ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി. ഇതാണ് കേരളത്തില്‍ മുന്നൊരുക്കങ്ങള്‍ അസാധ്യമാക്കിയത്. ചുഴലിക്കാറ്റിന്റെ കാര്യം സര്‍ക്കാരും അറിഞ്ഞില്ല. മഴ പെയ്യുമെന്ന സൂചന മാത്രമാണ് ദുരന്ത നിവാരണ അഥോറിറ്റി കൊടുത്തത്. ഇതുകൊണ്ട് തന്നെ ലാഘവത്തോടെ കാര്യങ്ങളെടുത്തു. ഇന്നലെ മഴ കനത്ത ശേഷമാണ് ചുഴലിയുടെ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയുന്നത്. അതുകൊണ്ട് തന്നെ മുന്നറിയിപ്പ് നല്‍കുന്നതില്‍ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്കു ഗുരുതര വീഴ്ച ഉണ്ടായെന്ന് തന്നെയാണ് വിലയിരുത്തല്‍. ഓഖിയുടെ വരവ് സംബന്ധിച്ച ദേശീയ സമുദ്ര വിവര കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം ദുരന്ത നിവാരണ അഥോറിറ്റി അവഗണിക്കുകയായിരുന്നു. ഫാക്സ് വഴി ദുരന്ത അഥോറിറ്റിക്കു നല്‍കിയ സന്ദേശം ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിനു ലഭിച്ചിരുന്നുവെങ്കിലും ഫിഷറിസിനോ, പൊലീസിനോ ഈ വിവരം അഥോറിറ്റി കൈമാറിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മാത്രമാണ് വിവരം റവന്യൂ മന്ത്രിയെ അറിയിച്ചതെന്നാണ് സൂചനകള്‍. കൂടാതെ ഉച്ചയ്ക്കാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതും. സാധാരണ ഗതിയില്‍ കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ സേന പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നാണ് ദുരന്തനിവാരണ സേന നല്‍കുന്ന വിശദീകരണം. ഇതോടു കൂടി ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല. നേരത്തെ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ചുഴലിക്കാറ്റിനെ കുറിച്ച്‌ സര്‍ക്കാരിനും സേനാവിഭാഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പരാജയപ്പെട്ടെന്നാണ് ദുരന്തനിവാരണ സംഘത്തിന്റെ ആരോപണം. കൂടാതെ ദേശീയ സമുദ്ര നിര്‍ദ്ദേശം അവഗണിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തെ ഒരു ശത്രു രാജ്യമായി കണ്ടു കൊണ്ട് എന്തിനാണ് ജനങ്ങളെ ഇങ്ങനെ കേരള സര്‍ക്കാര്‍ ദ്രോഹിക്കുന്നത്?

ചുഴലിക്കാറ്റ് വരുന്നത് സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കാത്തതിനെ ചൊല്ലിയുള്ള പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ചുള്ള ഗുരുതര വീഴ്ചയും പുറത്ത് വന്നിരിക്കുന്നത്. കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ലഭിച്ചത്. അതുകൊണ്ട് കൂടിയാണ് ചുഴലി മുന്നില്‍ കണ്ട് സ്കൂളുകള്‍ക്ക് പോലും അവധി നല്‍കാന്‍ സര്‍ക്കാരിനായില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സ്കൂളുകള്‍ക്ക് അവധി കൊടുത്തത്. ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററും ഡോണിയര്‍ വിമാനവും മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കുമായി തിരച്ചില്‍ നടത്തുന്നുണ്ട്. വ്യോമസേനയുടെ നാല് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. എന്നാല്‍ ശക്തമായി വീശുന്ന കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം ശക്തമായപ്പോള്‍ ഇത് ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനത്തെ തെറ്റിച്ച് കൊണ്ട് കാറ്റ് കേരള തീരത്തേക്ക് വീശി. കാറ്റ് കരയിലേക്ക് കടക്കാതിരുന്നത് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയില്ല എന്ന ആശ്വാസമാണ് ഉള്ളത്. എന്നാല്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരം ലഭിക്കാതെ നാശനഷ്ടത്തിന്റെ തീവ്രത അറിയാനാവില്ല.

കടലില്‍ പോയ മത്സ്യതൊഴിലാളികളില്‍ 150 ഓളം പേര്‍ കടലില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട് . 15 പേരെ മാത്രമാണ് തിരിച്ച് കൊണ്ടുവരാനായത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല. തിരുവനന്തപുരം കൊല്ലം തീരങ്ങളില്‍ കരയിടിച്ചിലും കടല്‍ ക്ഷോഭവും തുടരുന്നു. നിലവില്‍ മഴ കുറവുണ്ടെങ്കിലും ശക്തമായിട്ടുള്ള മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 825 പേരെ കന്യാകുമാരിയില്‍ നിന്നും മാറ്റിപാര്‍പ്പിച്ചു. നെയ്യാര്‍ ഡാമില്‍ സംഭരണ ശേഷിയെക്കാള്‍ കൂടുതല്‍ വെള്ളമെത്തിയതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ രാത്രിയാത്രാ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വൈകിട്ട് ആറു മുതല്‍ രാവിലെ ഏഴുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൊന്‍മുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നു കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള പല പ്രദേശങ്ങളിലും റോഡിലേക്കു മരം വീണു. മേഖലയില്‍ വൈദ്യുതി ബന്ധവും തകരാറിലായി.

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button