കൊച്ചി: യുവനടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍
പകര്‍ത്തിയ ഫോണ്‍ ദുബായില്‍ ഉണ്ടെന്ന് പൊലീസിന് സൂചന. നടിയെ അപമാനിക്കാന്‍ വിഡിയോ പുറത്തുവിടുമെന്നും പൊലീസിന് ആശങ്കയുണ്ട്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കൊച്ചിയില്‍ മതില്‍ച്ചാടിക്കടന്ന് വീട്ടിലേക്ക് പ്രവേശിക്കുന്നതായുള്ള വീഡിയോ ദൃശ്യം സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ചിരുന്നു. ഈ വീട്ടിലെ താമസക്കാരി താമസിയാതെ ഗള്‍ഫിലേക്ക് കടന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ആക്രമത്തിന് ഇരയായ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് പീഡനം നടന്നത്. അതുകൊണ്ട് തന്നെ നടിയെ അപമാനിക്കലായിരുന്നു ഗൂഢാലോചനക്കാരുടെ ലക്ഷ്യം. എന്നാല്‍ നടി പരാതിയുമായി എത്തിയതോടെ എല്ലാം പൊളിഞ്ഞു. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പുറത്തു വിടാനാണ് നീക്കം. ഇതിലൂടെ സാമ്പത്തിക നേട്ടവും ഉണ്ടാക്കാം. സിനിമ വൃത്തങ്ങളില്‍ സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നതായി പറയപ്പെടുന്ന ദാവൂദ് ഇബ്രാഹീം സംഘത്തിലെ ഗൂല്‍ശനും ഇക്കാര്യത്തില്‍ സംശയനിഴലിലാണ്. വമ്പന്‍ സ്രാവ് ഇപ്പോഴും വലക്ക് പുറത്ത് സ്വതന്ത്രമായി വിലസുണ്ടെന്നുള്ള പ്രചാരണങ്ങള്‍ ഈ വഴിക്കുള്ള വാദപ്രതിവാദങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരും.
പൊലീസിന്റെ സൈബര്‍സെല്‍ വിഭാഗം ഇക്കാര്യത്തില്‍ ജാഗരൂകരാണ്. ഇത്തരമൊരുസാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ തരണം ചെയ്യുന്നതിനുവേണ്ട മുന്‍കരുതലുകള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ഈ വിഭാഗത്തിലെ വിദഗ്ദ്ധര്‍ സ്വീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിയാല്‍ അത് കണ്ടെത്തുകയെന്നതാണ് പൊലീസ് ശ്രമിക്കുന്നത്. അതിനിടെ കേസ് വിചാരണ ഘട്ടത്തിലേക്ക് ഉടന്‍ കടക്കുമെന്നതിനാല്‍ ദൃശ്യങ്ങള്‍ പുറത്തു വരുന്നത് പ്രതികള്‍ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ കേസ് കഴിഞ്ഞ ശേഷമാകും ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയെന്ന വിലയിരുത്തലുമുണ്ട്. ഗള്‍ഫില്‍ ഇവയുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം.
Post Your Comments