NewsIndiaParayathe VayyaWriters' CornerSpecials

വീരേന്ദ്രകുമാറിന്റെ ചുവട് മാറ്റം: വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്‌

മുന്‍ കേന്ദ്രമന്ത്രിയും ജനതാദള്‍ നേതാവുമായ എം.പി വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു. വന്ന വഴി മറക്കാതെ പഴയ തട്ടകത്തിലേക്ക് ചുവട് മാറുന്നത് പല കണക്കുകൂട്ടലുകളും കൊണ്ടാകും എന്നതില്‍ യാതൊരു സംശയവുമില്ല. തന്റെ പഴയ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് ജനത -ഡെമോക്രാറ്റിക് (എസ്ജെഡി) പുനരുജ്ജീവിപ്പിച്ച് എല്‍ഡിഎഫില്‍ എത്തുകയെന്നത് അത്ര നിസാരപ്പെട്ട കാര്യമല്ല, അത്രയും കഷ്ടപ്പെട്ട് വീരേന്ദ്രകുമാര്‍ അത് സാധിച്ചെടുക്കുന്നുണ്ടെങ്കില്‍ നമുക്ക് ഒന്നുറപ്പിക്കാം പഴയ അടവുകള്‍ പൊടിതട്ടിയെടുക്കാന്‍ തുടങ്ങിയെന്ന്.

‘ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് അറിയിച്ച് വീരേന്ദ്രകുമാര്‍’ , ഞെട്ടലോടെയല്ലെങ്കിലും ഒരു സംശയത്തോടെ തന്നെയാണ് എല്ലാവരും ഈ വാര്‍ത്ത കേട്ടത്. പാര്‍ട്ടി അധ്യക്ഷനും ബിഹാറില്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, കോണ്‍ഗ്രസും ആര്‍ജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം പോയതോടെ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് വീരേന്ദ്രകുമാറിനും തോന്നിയിട്ടുണ്ടാകും. ഒന്നാലോചിച്ചാല്‍ വീരേന്ദ്രകുമാറിനെയും നമുക്ക് കുറ്റം പറയാനാകില്ലല്ലോ? എല്ലാവരും എന്ന് പറയാനാകില്ലെങ്കിലും ഭൂരിഭാഗം ആളുകളും രാഷ്ട്രീയത്തിലേക്ക് വരുന്നത് അധികാരം മോഹിച്ചിട്ട് തന്നെയാണല്ലോ? ഇപ്പോ കേന്ദ്രം കൂടി കാലു മാറിയപ്പോഴേക്കും തനിക്ക് ഇനി ഇവിടെ യാതൊരു പ്രധാന്യവും ഇല്ലെന്ന് തോന്നുന്നത് സ്വാഭാവികം തന്നെയാണ്.

എന്നാല്‍ കേന്ദ്രം കൈവിട്ടതാണ് പഴയ തട്ടകത്തിലേക്ക് ഒളിച്ചോടാന്‍ വീരേന്ദ്രകുമാറനെ പ്രകോപിപ്പിച്ചത് എന്ന് പൂര്‍ണമായും പറയാനാകില്ല. അതിന്റെ കാരണമറിയണമെങ്കില്‍ നാം കുറച്ച് പിന്നിലേക്ക് സഞ്ചരിക്കണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീരേന്ദ്രകുമാര്‍ മത്സരിച്ചെങ്കിലും വന്‍ പരാജയം നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ മനപ്പൂര്‍വം പരാജയപ്പെടുത്തിയതാണെന്ന് വീരേന്ദ്രകുമാര്‍ യുഡിഎഫില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുഡിഎഫ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. വീരേന്ദ്രകുമാറിന്റെ പരാജയത്തില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന റിപ്പോര്‍ട്ടായിരുന്നു ബാലകൃഷ്ണപിള്ള കമ്മിറ്റി നല്‍കിയത്.അതേസമയം ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചില്ലെന്ന് പരാതിപ്പെട്ടാണ് വീരേന്ദ്രകുമാര്‍ ആദ്യം യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞത്. ഒടുവില്‍ രാജ്യസഭാംഗമായി വീരേന്ദ്രകുമാറിനെ പാര്‍ലമെന്റിലേക്ക് അയച്ച് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നെങ്കിലും ആ തീ പൂര്‍ണമായും കെട്ടടങ്ങിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍ക്കും വിജയം കാണാനാകാതെ വന്നതിന് പിന്നാലെ വീരേന്ദ്രകുമാര്‍ വീണ്ടും യുഡിഎഫ് നേതൃത്വവുമായി പിണങ്ങിയിരുന്നു. ഇത് മുഴുവന്‍ ഒന്ന് കൂട്ടിവായിച്ചാല്‍ നമുക്ക് മനസിലാകും, വീരേന്ദ്രകുമാര്‍ നേരത്തെ തന്നെ യൂഡിഎഫ് വിടാന്‍ കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നു.

ഒരു രീതിയില്‍ നോക്കുമ്പോള്‍ വീരേന്ദ്രകുമാറിന് ആശ്വാസം പകരുന്ന കാര്യമായിരുന്നു നിതീഷ് കുമാറും നേതൃത്വവും ചെയ്തതും. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ലയിക്കാന്‍ തീരുമാനിച്ചതോടെയാണ് കേരളഘടകം പ്രതിരോധത്തിലായത്. അതുകൊണ്ട്തന്നെ പഴയ തട്ടകത്തിലേക്ക് കുടിയേറാന്‍ പറ്റിയ സമയവും  ഇത് തന്നെയായിരുന്നു.കേന്ദ്രം അപ്പുറം കടന്നതോടെ ജെഡിഎസുമായി ലയിച്ച് എല്‍ഡിഎഫിലേക്ക് പോകണമെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാല്‍ യുഡിഎഫില്‍ തുടരണമെന്ന് വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ടായിരുന്നു. ഇതോടെ ജെഡിയു കേരളഘടകത്തില്‍ അഭിപ്രായഭിന്നത രൂക്ഷമാവുകയും ചെയ്തിരുന്നു.

കുറച്ചുനാളുകളായി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് പാളയത്തിലേക്ക് തിരിച്ചുവരാനുള്ള കണക്കുകൂട്ടലുകള്‍ നടത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ കെപി മോഹനന്‍ അടക്കമുള്ള ഏതാനും നേതാക്കളുടെ എതിര്‍പ്പായിരുന്നു വീരേന്ദ്രകുമാറിന് തടസമായി നിന്നത്. ഒടുവില്‍ കേന്ദ്രം കാലുമാറിയതോടെ വീരേന്ദ്രകുമാറിന് തന്റെ പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് അതിലേക്ക് മാറാനുള്ള അവസരം ലഭിക്കുകയായിരുന്നു.

ഇതൊരു തുടക്കം മാത്രമാണ്. അവസരം നഷ്ടപ്പെട്ടാല്‍ ഒന്നല്ല, ഒരായിരം നേതാക്കള്‍ പാര്‍ട്ടി മാറും. കാരണം എല്ലാവര്‍ക്കും അവരവരുടെ നിലനില്‍പ്പാണല്ലോ വലുത്. അക്കരെപ്പച്ചതേടി പോകുന്നത് പണ്ടേ നമ്മുടെ ശീലമായുകൊണ്ട് ആരെയും കുറ്റംപറയാനും നമുക്കാകില്ല. എന്നാല്‍ വീരേന്ദ്രകുമാര്‍ നമുക്ക് നല്‍കുന്നത് ഒരു മുന്നിയിപ്പാണ്, പ്രയോജനമില്ലെങ്കില്‍ നില്‍ക്കുന്നിടത്തുനിന്നും തടിതപ്പണമെന്ന് നമുക്ക് നല്‍കുന്ന ഒരു മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button