KeralaLatest NewsNews

കിഫ്ബി: 1391.96 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം

തിരുവനന്തപുരം•കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) 31-ാമതു യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് 1391.96 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. അഞ്ചാംഘട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പുറമേ 1011.50 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ അംഗീകാരം സാധൂകരിക്കുകയും ചെയ്തു. ഇതോടെ 17,989.11 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഇതേവരെ അംഗീകാരം നല്‍കി. കൂടാതെ വെസ്‌റ്റേണ്‍ കനാല്‍ പാതയുടെ മാഹി വളപട്ടണം റീച്ചിലിനു ഭൂമി ഏറ്റെടുക്കുന്നതിന് 650 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കാനും തീരുമാനമായി.

കൊച്ചി സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്) ക്ക് ആധുനിക ലാബോറട്ടറി സ്ഥാപിക്കാന്‍ 99.48 കോടി ഉള്‍പ്പെടെ 241.72 കോടി രൂപ, ലൈഫ് സയന്‍സ് പാര്‍ക്കിന് ഭൂമി ഏറ്റെടുക്കുന്നതിന് 301.17 കോടി രൂപ, അങ്കമാലി ബൈപാസിന് 190.16 കോടി രൂപ, പെരുമ്പാവൂര്‍ ബൈപാസിന് 133.24 കോടി രൂപ, പുനലൂര്‍-കൊല്ലായി ഹില്‍ ഹൈവേക്ക് 201.67 കോടി രൂപ, കെഎസ്ആര്‍ടിസിക്ക് 1000 പുതിയ ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് 324 കോടി രൂപ എന്നിവയാണ് അംഗീകാരം നല്‍കിയ പ്രധാന പദ്ധതികളില്‍ ചിലത്.

പുതിയ പദ്ധതികള്‍ അംഗീകരിച്ചതിനു പുറമേ മുന്‍ യോഗങ്ങളില്‍ അംഗീകരിച്ച പദ്ധതികളുടെ നിര്‍വഹണ നടപടികളും യോഗം വിലയിരുത്തി. നൂതന ധന സമാഹരണ മാര്‍ഗങ്ങള്‍ വഴി കിഫ്ബി പദ്ധതികള്‍ക്ക് ധനസമാഹരണം നടത്തുന്നതിന് 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കും. മസാല ബോണ്ടുകള്‍ പുറപ്പെടുവിക്കാന്‍ മര്‍ച്ചന്റ് ബാങ്കുകളുമായി കരാറുണ്ടാക്കും. ബോണ്ട് പുറപ്പെടുവിക്കുക ടെന്‍ഡര്‍ വിളിച്ചായിരിക്കും. വിവിധ ബാങ്കുകളില്‍നിന്ന് ആദായകരമായ ലോണുകള്‍ എടുക്കുന്നതിനും യോഗം അനുമതി നല്‍കി.

ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, അംഗങ്ങളായ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറിയും കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ഡോ. കെ.എം. എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ധനകാര്യ റിസോഴ്‌സ് സെക്രട്ടറി മിന്‍ഹാജ് ആലം, സ്വതന്ത്ര അംഗങ്ങളായ മുന്‍ ധനകാര്യ സെക്രട്ടറി ഡോ.ഡി ബാബു പോള്‍, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി സാമ്പത്തികശാസ്ത്ര – ധനകാര്യ വിഭാഗം പ്രൊഫസര്‍ സി.പി. ചന്ദ്രശേഖര്‍, കല്‍ക്കട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സാമ്പത്തിക ശാസ്ത്ര- ധനകാര്യ വിഭാഗം പ്രൊഫസര്‍ സുശീല്‍ ഖന്ന, സെബി മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ രാധാകൃഷ്ണന്‍നായര്‍, ജെ.എന്‍. ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

2016-17, 17-18 വര്‍ഷത്തെ ബജറ്റുകളില്‍ ആകെ 54,179 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 17,989 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതു കൂടാതെ 30,000 കോടിരൂപയുടെ പദ്ധതികള്‍ക്കെങ്കിലും അനുവാദം നല്‍കാന്‍ സര്‍ക്കാരിനു കഴിയുമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button