
ന്യൂഡല്‍ഹി: ഹര്‍ത്താല്‍ കാരണമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോടതികള്‍ രൂപവത്കരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ബന്ധപ്പെട്ട ഹൈക്കോടതികളുമായി കൂടിയാലോചിച്ചശേഷം ഒന്നോ അതിലധികമോ ജില്ലാ ജഡ്ജിമാര്‍ക്ക് ഇതിന്റെ ചുമതല നല്‍കണമെന്ന് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതിയില്‍ ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ത്താലുകള്‍ക്കെതിരേ അഭിഭാഷകനായ കോശി ജേക്കബ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതി നടപടി. 2012-ല്‍ കേരളത്തിലുണ്ടായ എല്‍.ഡി.എഫ്.-പി.ഡി.പി. ഹര്‍ത്താലിനെത്തുടര്‍ന്ന്, റോഡില്‍ താന്‍ 12 മണിക്കൂര്‍ ചെലവഴിക്കേണ്ടിവന്നതായി അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചു. നേത്രശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം ആസ്പത്രിയില്‍നിന്ന് വീട്ടിലേക്ക് പോകുംവഴിയായിരുന്നു ഇതെന്നും 2013-ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 2005 മുതല്‍ 2012 വരെ കേരളത്തില്‍ 363 ഹര്‍ത്താലുകള്‍ നടന്നെന്നും ഹര്‍ജിയില്‍ പറയുന്നു.
2007-ലെ സുപ്രീംകോടതി വിധിയിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നടപ്പാക്കണമെന്ന് ജേക്കബ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ത്താലുകളുടെ വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസിനോടും സംസ്ഥാന സര്‍ക്കാരിനോടും ഇതില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് സൂപ്രണ്ട് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കണം, കാര്യമായ നാശനഷ്ടം ഉണ്ടായാല്‍ ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കുകയും അന്വേഷിക്കുകയും വേണം, നഷ്ടപരിഹാരം നല്‍കാന്‍വേണ്ട സംവിധാനം രൂപവത്കരിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
ഒന്നിലധികം സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള കേസാണെങ്കില്‍, അതില്‍ സുപ്രീംകോടതിയാവും നടപടിയെടുക്കുകയെന്നും ഇതില്‍ പറയുന്നു. പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതാക്കളുടെ പേരില്‍ ക്രിമിനല്‍ നടപടിയെടുക്കണമെന്നതിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ഇതില്‍ സുപ്രീംകോടതിയുടേത്.
ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍വേണ്ട സംവിധാനം ഇപ്പോഴും തയ്യാറായിട്ടില്ല. ഹര്‍ത്താല്‍ വിഷയത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ്, എഫ്.എസ്. നരിമാന്‍ എന്നിവരുടെ കമ്മിറ്റികള്‍ സമര്‍പ്പിച്ച മാര്‍ഗനിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി 2009-ല്‍ നിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments