KeralaLatest NewsNews

പഞ്ചായത്ത് പ്രസിഡന്റ് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നതോടെ ബേഡകത്ത് സിപിഐ ശക്തിയാർജ്ജിച്ചു: സി.പി.എമ്മില്‍നിന്ന് സി.പി.ഐയിലേക്കു പ്രവര്‍ത്തകരുടെ ഒഴുക്ക്

കാസർഗോഡ്: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ മുതല്‍ ”കുറിഞ്ഞി”യില്‍വരെ ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ വല്യേട്ടനായ സി.പി.എമ്മില്‍നിന്ന് സി.പി.ഐയിലേക്കു പ്രവര്‍ത്തകരുടെ ഒഴുക്ക്. തോമസ് ചാണ്ടി വിഷയത്തിലുള്‍പ്പെടെ സി.പി.ഐ. െകെയടി നേടിയപ്പോള്‍ പ്രതിച്ഛായ മങ്ങിയ സി.പി.എമ്മിന് ആള്‍നഷ്ടവും തിരിച്ചടിയാവുകയാണ്. സിപിഐ.(എം) – സിപിഐ. ലയനം ഇനി നടക്കാത്ത സ്വപ്നമായതിനാല്‍ സ്വന്തം നിലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് സിപിഐ. ഒരുങ്ങുന്നത്.

അതിന്റെ ഭാഗമായി സിപിഐ. അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവരുടെ ഇഷ്ടപ്രകാരമുള്ള വിശ്വാസവും ആചാരവും തുടരാനും പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ആണ് കൂടുതൽ സങ്കീർണ്ണം. മുന്‍ ബേഡകം ഏരിയാ സെക്രട്ടറിയും കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി.ഗോപാലന്‍ മാസ്റ്റരുടെ നേതൃത്തില്‍ പാര്‍ട്ടി വിട്ടവര്‍ സിപിഐ.യില്‍ ചേരുകയായിരുന്നു.ഇതോടെ ബേഡകത്ത് സിപിഐ ശക്തിയാർജ്ജിച്ചു.

എറണാകുളം മരടില്‍ സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ 25 പേര്‍ ഏതാനും ദിവസം മുന്‍പ് സി.പി.ഐയിലെത്തി. കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുത്ത സി.പി.എം. നേതാവിന്റെ അനുസ്മരണം നടത്താന്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ചാണിവര്‍ പാര്‍ട്ടിവിട്ടത്. ശക്തികേന്ദ്രമായ ഉദയംപേരൂരില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന രഘുവരനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഇരുന്നൂറോളം പേര്‍ സി.പി.ഐയില്‍ ചേര്‍ന്നിരുന്നു.എല്‍.ഡി.എഫ്. അധികാരത്തിലെത്തിയശേഷം കൊച്ചി കുമ്പളങ്ങിയില്‍ സി.പി.എം. വിട്ട് സി.പി.ഐ.യിലേക്കു പോയത് തൊണ്ണൂറോളം പേരാണ്.

കോതമംഗലം കവളങ്ങാട് രണ്ടു വര്‍ഷം മുന്‍പ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ടി. ബെന്നിയുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പേര്‍ സി.പി.എം. വിട്ട് സി.പി.ഐയില്‍ ചേര്‍ന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കായംകുളം, മാവേലിക്കര, ചേര്‍ത്തല, അരൂര്‍, മാരാരിക്കുളം ഏരിയകളില്‍ കൂടുതല്‍പ്പേരെ ഇത്തരത്തില്‍ സി.പി.ഐയിലെത്തിക്കാന്‍ ശ്രമം സജീവമാണ്. കടക്കരപ്പള്ളിയില്‍ രണ്ടു മുന്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളടക്കം ഒരു വിഭാഗം സി.പി.എം. വിട്ട് സി.പി.ഐയില്‍ ചേരാനുള്ള തീരുമാനത്തിലാണ്.

തൃശൂരില്‍ പ്രമുഖ നേതാക്കള്‍ സി.പി.എം. വിട്ട് സി.പി.ഐയില്‍ ചേര്‍ന്നിട്ടില്ലെങ്കിലും പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ പാർട്ടിയിലെ വല്യേട്ടന് കാലിടറുന്നതായാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button