തിരുവനന്തപുരം•ഹൈന്ദവ ദൈവമായ അയ്യപ്പനെ അവഹേളിക്കുന്ന തരത്തില്‍ ട്രോള്‍ പ്രസിദ്ധീകരിച്ച ട്രോള്‍ റിപ്പബ്ലിക് പേജിനെതിരെ സൈബര്‍ സെല്‍ മതനിന്ദയ്ക്ക് കേസെടുത്തു. ശബരിമലയില്‍ ദര്‍ശന സമയം കൂട്ടിയതിനെ പരിഹസിച്ചായിരുന്നു ട്രോള്‍. സമയം കൂട്ടിയതിനെത്തുടര്‍ന്ന് ഹരിവരാസനം പാടുന്നത് വരെ ഉറങ്ങാതിരിക്കാന്‍ അയ്യപ്പന്‍ കണ്ണില്‍ ഈര്‍ക്കില്‍ കുത്തി ഇരിക്കുന്നതായിട്ടായിരുന്നു ചിത്രീകരിച്ചിരിക്കുന്നത്. അയ്യപ്പന്‍റെ ചിത്രത്തില്‍ മീശമാധവന്‍ സിനിമയില്‍ കണ്ണില്‍ ഈര്‍ക്കില്‍ വച്ചിരിക്കുന്ന ജഗതിയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്താണ് ട്രോള്‍ ഇറക്കിയത്.
ട്രോള്‍ പേജ് അഡ്മിന്‍സിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ട്രോള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ട്രോള്‍ റിപ്പബ്ലിക്. പോലീസിന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ട്രോള്‍ റിപ്പബ്ലിക്ക് അഡ്മിന്‍മാരില്‍ ഒരാളായ അനുപ് വടക്കേ പീടികയില്‍ പറയുന്നു.
ഇതിനിടെ, കേസെടുത്തതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യകരമായ വിമർശനങ്ങളെ പോലും നിയമം മുഖേന അടിച്ചമർത്തി സമൂഹത്തിൽ മത വാദികളെയും വർഗീയവാദികളെയും അതേ തീവ്രതയോടെ നില നിർത്താൻ നിയമം മുഖേന തന്നെ ഭരണ കൂടം ചെയ്തു കൊടുക്കുന്ന സഹായം ആണിതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ട്രോള്‍ പുനപ്രസിദ്ധീകരിച്ചുകൊണ്ട് പ്രമുഖ ട്രോള്‍ പേജായ ഐ.സി.യുവും പിന്തുണയുമായി രംഗത്തുണ്ട്.
Post Your Comments