Latest NewsNewsInternational

വിമാനം വൈകിയാല്‍ യാത്രക്കാര്‍ സാധാരണ പ്രതിഷേധിക്കുകയാണ് പതിവ് : എന്നാല്‍ ഇവിടെ നടന്ന കാര്യങ്ങള്‍ കേട്ട് ലോകം അമ്പരന്നു

ടൊറന്റോ: വിമാനം വൈകിയാല്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധമാണ് സാധാരണ അരങ്ങേറുക. വാക്കേറ്റത്തിന്റെയും കൂട്ടത്തല്ലിന്റെയുമൊക്കെ വാര്‍ത്തകളാണ് പലപ്പോഴും ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം വിമാനം വൈകിയപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കേട്ട ചീത്തക്ക് കണക്കുംകയ്യുമില്ല. എന്നാല്‍ കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം വൈകുമെന്ന അറിയിപ്പിനോടുള്ള യാത്രക്കാരുടെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു.

വിമാനത്താവളത്തില്‍ വിമാനം കാത്ത് കാത്ത് നിന്ന മടുത്ത ഒരുപറ്റം യാത്രികര്‍ വേറൊന്നുമല്ല ചെയ്തത്. വിമാനം വരുന്നതുവരെ പാട്ടും നൃത്തവുമായി അടിച്ചുപൊളിച്ചു. കണ്ടുനിന്ന അധികൃതരും മറ്റു വിമാനങ്ങളിലെ യാത്രക്കാരുമൊക്കെ അദ്ഭുതപ്പെട്ടു പോയി.
വെസ്റ്റ്‌ജെറ്റ് വിമാനത്തിലെ യാത്രക്കാരാണ് വിമാനത്താവളം ആഘോഷവേദിയാക്കി മാറ്റിയത്. പൈലറ്റ് വരാന്‍ താമസിച്ചതിനാല്‍ വിമാനം അരമണിക്കൂര്‍ വൈകുമെന്ന് അറിയിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. രണ്ടുപേര്‍ ബാഗില്‍ നിന്ന് ഗിറ്റാര്‍ പുറത്തെടുത്തു. ന്യൂഫൗണ്ട്‌ലന്‍ഡില്‍ നിന്നുള്ള സീന്‍ സള്ളിവനും ഷെല്‍ഡണ്‍ തോണ്‍ഹില്ലുമാണ് ഗിറ്റാറിലൂടെ സഹയാത്രികരെ താളത്തിന്റെ ലോകത്തേക്ക് എത്തിച്ചത്. അതോടെ പാട്ടും നൃത്തവുമായി മറ്റുള്ളവരും ഒപ്പം ചേര്‍ന്നു. പാടാന്‍ മുന്നില്‍ നിന്നതാകട്ടെ ചെറിയൊരു ബാലനും.
മിഷേല്‍ എന്നയാള്‍ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതതോടെ സംഭവം വൈറലായി. വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകല്‍ കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button