Latest NewsNewsGulf

നവയുഗത്തിന്റെ സഹായത്തോടെ ദുരിതങ്ങൾ താണ്ടി ഷാക്കിറ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•പ്രവാസത്തിന്റെ ദുരിതങ്ങളിൽപ്പെട്ട് ജീവിതം വഴിമുട്ടിയ ഇന്ത്യക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി, വനിതാ അഭയകേന്ദ്രം വഴി നാട്ടിലേയ്ക്ക് മടങ്ങി.

ബാംഗ്ലൂർ സ്വദേശിനി ഷാക്കിറയാണ് ഏറെ കഷ്ടപ്പാടുകൾ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്.

ഏറെ പ്രതീക്ഷകളോടെയാണ് ഷാക്കിറ രണ്ടു മാസം മുമ്പ് നാട്ടിൽ നിന്നും സൗദി അറേബ്യയിലെ ദമ്മാമിൽ വീട്ടുജോലിയ്ക്ക് എത്തിയത്. എന്നാൽ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. വിശ്രമം പോലുമില്ലാതെ പകലന്തിയോളം ജോലി ചെയ്യിച്ചതും പോരാഞ്ഞിട്ട്, എപ്പോഴും ജോലി ശരിയല്ല എന്ന് അനാവശ്യമായി ശകാരവും മാനസികപീഢനങ്ങളും ഷാക്കിറയ്ക്ക് അനുഭവിയ്ക്കേണ്ടി വന്നു. എങ്കിലും നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോർത്ത് കഴിവതും ആ ജോലിയിൽ പിടിച്ചു നിൽക്കാൻ ഷാക്കിറ ശ്രമിച്ചു.

ഒരു ദിവസം ടോയ്‌ലറ്റ് വൃത്തിയാക്കിയത് ശരിയായില്ല എന്ന് പറഞ്ഞ് ആ വീട്ടുടമസ്ഥ ഷാക്കിറയെ ചീത്ത പറഞ്ഞു. എന്നാൽ താൻ നന്നായിയാണ് വൃത്തിയാക്കിയത് എന്ന് ഷാക്കിറ വാദിച്ചപ്പോൾ, കോപം കൊണ്ട് നിയന്ത്രണം നഷ്ടമായ വീട്ടുടമസ്ഥ കക്കൂസ് വൃത്തിയാക്കുന്ന ആസിഡ് തട്ടിയെറിയുകയും, അത് വീണ് ഷാക്കിറയ്ക്ക് മുഖത്ത് പൊള്ളൽ ഏൽക്കുകയും ചെയ്തു. തുടർന്ന് ഷാക്കിറ “താനിനി ജോലി ചെയ്യില്ലെന്ന്” ശക്തമായി പ്രതികരിച്ചപ്പോൾ, വീട്ടുകാർ അവരെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ഷാക്കിറ നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജു ഷാക്കിറയുടെ സ്‌പോൺസറെ ബന്ധപ്പെട്ടെങ്കിലും അവർ തങ്ങൾക്ക് ഇനിയൊന്നും അറിയണ്ട എന്ന് പറഞ്ഞു കൈയൊഴിഞ്ഞു. തുടർന്ന് മഞ്ജു വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഷാക്കിറയ്ക്ക് ഫൈനൽ എക്സിറ്റും, ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഔട്ട്പാസ്സും എടുത്തു കൊടുത്തു.

നവയുഗത്തിന്റെ അഭ്യർത്ഥനപ്രകാരം ജുബൈലിൽ ജോലി ചെയ്യുന്ന സയ്യദ് എന്ന പ്രവാസി ഷാക്കിറയ്ക്ക് വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ബാഗും, അത്യാവശ്യസാധനങ്ങളും നൽകി.

നിയമനടപടികൾ പൂർത്തിയായപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞു ഷാക്കിറ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button