ന്യൂഡല്‍ഹി: പത്ത് മാസത്തെ വീട്ട്തടങ്കലിന് ശേഷം പുറത്തെത്തിയ ഹാഫിസ് സെയിദ്, തന്നെ യു.എന്‍ ഭീകരപട്ടികയില്‍ നിന്നും നീക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സമിതിയിയെ സമീപിച്ചു.
2008ലെ മുംബയ് ഭീകരാക്രമണത്തിന് പിന്നാലെയാണ് ഹാഫിസ് സെയിദിനെ യു.എന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ അമേരിക്ക ഹാഫിസ് സെയിദിനെ ആഗോള ഭീകരപട്ടികയില്‍ പെടുത്തുകയും ഇയാളുടെ തലയ്ക്ക് 10 മില്യന്‍ യു.എസ് ഡോളര്‍ വിലയിടുകയും ചെയ്തു. ഹാഫിസ് സെയിദ് നേതൃത്വം നല്‍കുന്ന ജമാഅത്തു ദഅ്വ, മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത തീവ്രവാദി സംഘടനയായ ലഷ്‌കറെ തൊയിബയുടെ പോഷകഘടകമാണ്.
രാജ്യസുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് കാണിച്ച് ഈ വര്‍ഷം ജനുവരി 31 മുതലാണ് ഹാഫിസ് സെയ്ദിനെയും നാല് അനുചരന്മാരെയും പാക് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. ആദ്യം 90 ദിവസത്തേക്കായിരുന്നു വീട്ടുതടങ്കലെങ്കിലും പിന്നീടിത് നീട്ടിയിരുന്നു. ഇതിന് പിന്നാലെ വീട്ടുതടങ്കല്‍ നീട്ടാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കോടതി ഹാഫിസിനെ വിട്ടയയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ ഹാഫിസ് സെയിദ് ഇന്ത്യയ്‌ക്കെതിരെ നടത്തിയ കൊലവിളി ലോകരാജ്യങ്ങളെയടക്കം ഞെട്ടിച്ചിരുന്നു.
അതേസമയം, ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരപട്ടികയില്‍ നിന്നും ഒഴിവാക്കി കിട്ടാന്‍ ഹാഫിസ് സെയിദ് ശ്രമിക്കുന്നത് പാകിസ്ഥാനിലെ ഭരണം പിടിക്കാനാണെന്നാണ് വിവരം. മതസംഘടനയായി ആരംഭിച്ച ഹാഫിസ് സെയിദിന്റെ മില്ലി മുസ്ലീം ലീഗ് പാര്‍ട്ടി അടുത്തിടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പാക് ഭരണം പിടിക്കാന്‍ തന്നെയാകും ഹാഫിസിന്റെ ശ്രമമെന്നും ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
തീവ്രവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹാഫിസ് സെയിദിനെ രാഷ്ട്രീയത്തിലിറക്കാന്‍ സൈന്യം പദ്ധതിയിടുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സെയിദിന്റെയും കൂട്ടാളികളുടെയും വീട്ടുതടങ്കല്‍ അവസാനിപ്പിക്കാന്‍ സൈന്യവും സര്‍ക്കാരും നീക്കം നടത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാതെ സര്‍ക്കാര്‍ ഹാഫിസിനെ പുറത്തിറക്കാനുള്ള വഴിയൊരുക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
Post Your Comments